എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫിലേയ്ക്ക് മടങ്ങിപ്പോകുമെന്ന് കരുതുന്നില്ലെന്ന് എൽ.ഡി.എഫ് കണ്‍വീനർ വൈക്കം വിശ്വൻ. അഥവാ മാണി പോയാൽ എൽ.ഡി.എഫിന്റെ തുടർ സമീപനവും അതിനു ശേഷം വ്യക്തമാക്കും. യു.ഡി.എഫിൽ നിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണല്ലോ അദ്ദേഹവും കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടു പുറത്തു വന്നത്. ആ സാഹചര്യം മാറിയെന്ന് കരുതുന്നില്ലെന്നും വൈക്കം വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ചെങ്ങന്നൂരിൽ മാണി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചാലും അത് എൽ.ഡി.എഫിന് ക്ഷീണം ചെയ്യില്ല. അവിടെ എൽ.ഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വിജയിക്കാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ട്. അതു കൊണ്ട് ഏതെങ്കിലും പാർട്ടിയുടെ നിലപാടായിരിക്കില്ല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക.
ആർ.എസ്.എസ് ഒഴിച്ച് ആരുടേയും വോട്ട് എൽ.ഡി.എഫ് സ്വീകരിക്കും. ആ നിലപാടിൽ മാത്രം മാറ്റമില്ല. കേരള കോണ്‍ഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അതിന്റെ പ്രവർത്തകരിൽ പലരും ഇപ്പോഴും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ഏതെങ്കിലും നിലപാട് മാറ്റം കൊണ്ട് അതു മാറുമെന്ന് കരുതുന്നില്ല.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കമുള്ള എൽ.ഡി.എഫ് നേതാക്കൾ ചെങ്ങന്നൂരിൽ അടുത്ത ദിവസങ്ങളിലെത്തും. ജനക്ഷേമ പദ്ധതികളുമായി മുന്നേറുന്ന സർക്കാരിന് മുന്നിൽ ഇതുവരെ വെല്ലുവിളി ഉയർത്താൻ മറ്റു കക്ഷികൾക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ഉദാഹരണമാണ് മാണിയെ അനുനയിപ്പിക്കാൻ യു.ഡി.എഫ് നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിൽ കയറി ഇറങ്ങുന്നതെന്നും വൈക്കം വിശ്വൻ പറഞ്ഞു.