എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: എൽ.ഡി.എഫ് മുന്നണി വിപൂലീകരണം ഉടനെന്ന് കണ്വീനർ വൈക്കം വിശ്വൻ. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും സി.പി.ഐയുടേയും സിപിഎമ്മിന്റെയും സംസ്ഥാന സമ്മേളനങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ എൽ.ഡി.എഫ് ഉടൻ ചേരണമെന്ന് ഘടകകക്ഷികളിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിട്ടുണ്ട്.
മുന്നണിയിലും സർക്കാരിലും നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉടൻ മുന്നണി കൂടി പരിഹരിക്കണമെന്ന ആവശ്യം സി.പി.ഐയിൽ നിന്നടക്കം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ് ഉടൻ ചേരും. മുന്നണി വിപുലീകരണം ഉടൻ ഉണ്ടാകും. ഇതിനു മുന്പ് ഘടകകക്ഷികളുമായി ചർച്ചകൾ നടക്കും.
മുന്നണിയിലേക്ക് വരാൻ സാധ്യതയുള്ള ഒത്തു ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന കക്ഷികളെ ഉൾപ്പെടുത്തും. കെ.എം മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് സഹകരിക്കാൻ കഴിയുന്ന ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്ന് മുന്നണി യോഗം ചേർന്ന് തീരുമാനിക്കും. ഒരു പാർട്ടിയോടും തൊട്ടുകൂടായ്മയില്ലെന്നും വൈക്കം വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു.
മാണിയെ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: കെ.എം മാണിയെ എൽ.ഡി.എഫിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. മുന്നണി വിപുലീകരണത്തിൽ സിപിഐക്ക് എതിർപ്പില്ല.
കെ.എം മാണിയുടെ കാര്യത്തിൽ സി.പി.ഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിലപാട് തന്നെയാണ്. മുന്നണിയിൽ ആരെയെങ്കിലും ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നണി വിപൂലീകരണത്തിന് മുന്പ് നിരവധി ചർച്ചകൾ നടത്തേണ്ടതുണ്ട്. അതിൽ പ്രധാനം സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ചർച്ചയാണ്. മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ല.
ഇടതുപക്ഷ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന പാർട്ടികളെ ഉൾപ്പെടുത്തുന്ന ചർച്ചകൾ ഉണ്ടായാൽ ക്രിയാത്മകമായ സമീപനം ഉണ്ടാകും. എന്നാൽ മാണിയുടെ കാര്യത്തിൽ അനുകൂല തീരുമാനം സി.പി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമായി തന്നെ പറഞ്ഞു.