വൈക്കം: തോരാതെ പെയ്യുന്ന പെരുമഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടയാര്‍, പാലാംകടവ്, പൊട്ടന്‍ചിറ, എഴുമാംതുരുത്ത്, വല്ലകം, തുറുവേലിക്കുന്ന്, ചാലപ്പറമ്പ്, വൈക്കപ്രയാര്‍, കരിപ്പായി, വാഴമന തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.
പ്രധാന റോഡുകള്‍ക്ക് പുറമേ ഗ്രാമീണ മേഖലയിലെ റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകള്‍ തലയോലപ്പറമ്പ് വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. കെഎസ്ആര്‍ടിസി നടത്തുന്ന നാമമാത്ര സര്‍വീസുകളാണ് പ്രദേശത്തുള്ളവര്‍ക്ക് ഏക ആശ്വാസം. ഈ സര്‍വീസുകള്‍ കൂടി നിലച്ചാല്‍ പ്രദേശം ഒറ്റപ്പെട്ട നിലയിലാകും.
വീടുകളില്‍ വ്യാപകമായി വെള്ളം കയറിട്ടുണ്ട്. പൊട്ടന്‍ചിറ പെട്രോള്‍ പമ്പും വടയാര്‍ അമ്പലത്തിലും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. വടയാര്‍-തുറുവേലിക്കുന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി ആഡംബര കാറിന്റെ എഞ്ചിന് നിലച്ചു.
ചിത്രങ്ങള്‍: എഡ്വിന് ജോസി