വൈക്കം: ടിവി പുരം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്തെ മടൽക്കുഴിയിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും 18നും 30 മധ്യേപ്രായമുള്ള യുവാവിന്റേതാണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ അന്തിമ നിഗമനമെന്നു വൈക്കം ഡിവൈഎസ്പി എ.ജെ. തോമസ്.
കോട്ടയം ഫോറൻസിക് സർജൻ ഡോ. ജയിംസുകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഫോറൻസിക് വിദഗ്ധരുടെ സൂക്ഷ്മ പരിശോധനയിലാണ് പുതിയ വിവരങ്ങൾ ലഭിച്ചത്.
18നും 30 നുമിടയിൽ പ്രായമുള്ള നല്ല ആരോഗ്യവാനായ യുവാവിന്റേതാണ് മൃതദേഹാവശിഷ്ടങ്ങൾ.
ഇയാൾക്ക് 160 സെന്റിമീറ്ററിനും 167 സെന്റിമീറ്ററിനുമിടയിൽ ഉയരമുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങളിലെ ഒരു കാലിന്റെ മുട്ടിനും പാദത്തിനുമിടയിലെ അസ്ഥിയിലുണ്ടായ പൊട്ടൽ കൂടിച്ചേർന്നതായാണ് കണ്ടെത്തിയത്.
ഈ പരിക്ക് കരിഞ്ഞനിലയിലായതിനാൽ മരിക്കുന്നതിനു നാളുകൾക്കു മുന്പുണ്ടായി ഭേദമായതാണെന്നാണ് ഫോറൻസിക് അധികൃതരുടെ നിഗമനം.
ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മനത്തുകരയിൽനിന്നു കാണാതായ രണ്ടു യുവാക്കളുടെയും 40 ൽ അധികം വയസ് പ്രായമുള്ള ഒരാളുടെയും ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിൽ കാണാതായ ഇരുപത്തിയൊന്നുകാരനായ ഒരാൾ മൃതദേഹാവശിഷ്ടം കണ്ടെത്തിയ മടൽക്കുഴിക്കു സമീപത്തുതന്നെയുള്ള ആളാണ്.
കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നു കാണാതായ 18 നും 30 നുമിടയിൽ പ്രായമുള്ള യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് വിദഗ്ധർ 40നും 50 നുമിടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്ന നിഗമനത്തിലാണെത്തിയിരുന്നത്. ഇതിനെ തുടർന്നു നൂറിലധികം പേരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു മത്സ്യക്കുളം തീർക്കുന്നതിനായി മടൽകുഴി വൃത്തിയാക്കുന്നതിനിടയിലാണ് നാലടി താഴ്ചയിൽനിന്നു മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. 10 വർഷത്തിനു മുകളിൽ പഴക്കം കണക്കാക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് ലഭിച്ചത്.
തലയോട്ടിയുടെ മുഴുവൻ ഭാഗവും ലഭിച്ചിരുന്നില്ല. ഇതിൽ പല്ലുകളുമില്ലായിരുന്നു. ചെളിക്കുണ്ടിൽ വർഷങ്ങളോളം കിടന്നതിനാൽ ഡിഎൻഎ പരിശോധനയും ഏറെ ദുഷ്കരമായിരുന്നു.
കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നും പൊതി മടൽ വള്ളത്തിൽ കരിയാറിലൂടെ കൊണ്ടുവന്നാണ് മടൽക്കുഴിലെത്തിച്ചു മൂടിയിരുന്നത്.
മടൽ കൊണ്ടുവന്ന വള്ളത്തിൽ ആരെയെങ്കിലും അപായപ്പെടുത്തി കൊണ്ടുവന്നു താഴ്ത്തിയതാകാമെന്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
വീടുകളിൽ ജോലിക്കു നിന്നവരോ മറ്റോ അവിഹിത ബന്ധവുമായി ബന്ധപ്പെട്ടോ കൊല ചെയ്യപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നാലടിയോളം താഴ്ചയിൽ മൃതദേഹം താഴ്ത്തണമെങ്കിൽ മടൽ കുഴിയിലോ, ചെളി, മണൽ വാരൽ തുടങ്ങിയവയിൽ ഏർപ്പെട്ടവരോ കൊലപാതകവുമായി ബന്ധപ്പെട്ടിരിക്കാമെന്ന നിഗമനവും അന്വേഷണ സംഘത്തിനുണ്ട്.
കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ മേൽനോട്ടത്തിൽ വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.