വൈക്കം: കോട്ടയം ജില്ലയിൽ മൂന്നു വനിതകൾ ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലമായി വൈക്കം മാറുമോ?
തീരുമാനം ഇന്നു വൈകുന്നേരം അറിയാം. വൈക്കം മണ്ഡലത്തിൽ യുഡിഎഫ് ആരെ രംഗത്തിറക്കുമെന്നു ഉറ്റു നോക്കുകയാണ് വോട്ടർമാർ.
പി. ആർ. സോന എത്തുമോ?
അവസാന റൗണ്ടിൽ കോട്ടയം നഗരസഭ ചെയർപേഴ്സണായിരുന്ന ഡോ.പി.ആർ. സോന, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനി മോൻ,തലയോലപ്പറന്പ് പഞ്ചായത്ത് അംഗവും മഹിളാ കോണ്ഗ്രസ് നേതാവുമായ വിജയമ്മ ബാബുവിനെയാണ് പരിഗണിക്കുന്നത്.
ജില്ലയിൽ കോണ്ഗ്രസ് മത്സരിക്കുന്ന ജനറൽ സീറ്റുകളിലെല്ലാം പുരുഷൻമാർ സ്ഥാനാർഥികളായതിനാൽ കുറഞ്ഞത് ഒരു വനിതാ സ്ഥാനാർഥിയെങ്കിലും വേണമെന്ന നിബന്ധന പാലിക്കാൻ വൈക്കത്ത് വനിതയെ സ്ഥാനാർഥിയാക്കിയേക്കും.
ലതികാ സുഭാഷ് മത്സരിക്കാത്ത സാഹചര്യത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ പി.ആർ. സോനയ്ക്കാണ് വൈക്കത്ത് മുഖ്യ പരിഗണനയെന്ന് കോണ്ഗ്രസ് നേതാക്കൾ പറയുന്നു.
എൽഡിഎഫ് സിറ്റിംഗ് എംഎൽഎ സി.കെ. ആശയെ വീണ്ടും മൽസരിപ്പിക്കുന്ന സാഹചര്യത്തിൽ വൈക്കത്ത് അട്ടിമറി വിജയം നേടാൻ ഡോ.പി.ആർ. സോനയുടെ സ്ഥാനാർഥിത്വം ഉപകരിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്.
ബിഡിജെഎസ് സ്ഥാനാർഥിയായി കോട്ടയം ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് അജിതാ സാബു കൂടി എത്തിയതോടെ വൈക്കത്തെ മൽസരം കൂടുതൽ ഉദ്വേഗ ജനകമാകുകയാണ്.
കഴിഞ്ഞ തവണ യുഡിഎഫ് നേടിയ വോട്ടിനോടടുത്ത് ബിഡിജഐസ് സ്ഥാനാർഥിയായിരുന്ന എൻ.കെ. നീലകണ്ഠൻ മാസ്റ്റർ നേടിയിരുന്നു.
വൈക്കത്ത് രണ്ടാമൂഴത്തിനിറങ്ങിയ എൽഡിഎഫ് സ്ഥാനാർഥി സി.കെ. ആശ സിപിഐ, സിപിഎം പാർട്ടി ഓഫിസുകൾ സന്ദർശിക്കുകയും നിയോജക മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിലെ പ്രമുഖരെ നേരിൽ കാണുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം ശക്തമാക്കിയ എൽഡിഎഫ് ചുവരെഴുത്തും തുടങ്ങി. അടുത്ത ദിവസം കണ്വെൻഷനോടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്താനാണ് എൽഡിഎഫിന്റെ നീക്കം.
കല്ലറയിൽ കണ്വൻഷൻ നടത്തി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉൗർജിതമാക്കുമെന്ന് വൈക്കം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി പറഞ്ഞു.