വൈക്കം: കനത്ത ചൂടിലും പോരാട്ട വീര്യത്തോടെ ഇഞ്ചോടിഞ്ച് പൊരുതുന്ന വൈക്കത്തെ മുന്നണി സ്ഥാനാർഥികളായ മൂന്നുവനിതകളും സായാഹ്നത്തിൽ വൈക്കം കായലോര ബീച്ചിൽ ഒരുമിച്ചു കണ്ടപ്പോൾ സൗഹൃദം തിരതല്ലി.
യുഡിഎഫ് സ്ഥാനാർഥി ഡോ. പി.ആർ. സോനയും എൽഡിഎഫ് സ്ഥാനാർഥി സി.കെ. ആശയും എൻഡിഎ സ്ഥാനാർഥി അജിത സാബുവും മുന്പേ പരിചയക്കാരാണ്.
സി.കെ. ആശ വൈക്കത്തെ സിറ്റിംഗ് എംഎൽഎയാണെങ്കിൽ ഡോ. പി.ആർ. സോന കോട്ടയം നഗരസഭ ചെയർപേഴ്സണായിരുന്നു.
ഇവർക്കു മുന്പേ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരസ്ഥാനത്തെത്തിയ വനിതയായിരുന്നു അജിതാസാബു.
ജനപ്രതിനിധികളായിരുന്നതിനാൽ ജനങ്ങളുടെ അഭിരുചികളും വികസന കാഴ്ചപ്പാടും മനസിലാക്കിയിട്ടുള്ള മൂവരും വോട്ടർമാരുടെ മനസിന്റെ രസതന്ത്രമറിഞ്ഞാണ് തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്.
പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവർത്തിച്ചുവന്ന ഇവർ സ്ഥാനാർഥികളായി പോരാടുന്പോഴും വ്യക്തിപരമായ ബഹുമാനത്തിനോ സൗഹൃദത്തിനോ യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും ബന്ധങ്ങൾ കൂടുതൽ ഉൗഷ്മളമാകുകയാണ് ചെയ്തതെന്നും സോനയും ആശയും അജിതയും പറയുന്നു.