വൈക്കം: ലോക്ക്ഡൗണിൽ ഇളവുകൾ വന്നെങ്കിലും തൊഴിൽ മേഖലയിൽ അനശ്ചിതത്വം തുടരുന്നതിനാൽ ബോട്ട് സർവീസിൽ യാത്രക്കാരുടെ ഗണ്യമായ കുറവ്.
ദിനംപ്രതി 9000പേർ മറുകര കടന്നിരുന്ന വൈക്കം-തവണക്കടവ് ഫെറിയിൽ 1500നും 2000നും മധ്യേ യാത്രക്കാരാണിപ്പോൾ കടന്നുപോകുന്നത്. ദിനംപ്രതി 40,000ത്തോളം രൂപ വരുമാനമുണ്ടായിരുന്നു. ഇപ്പോൾ ലഭിക്കുന്നത് 10,000നും 12,000 നും മധ്യേയാണ്.
വൈക്കം, ചേർത്തല ഭാഗങ്ങളിലേക്ക് വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ടു പോയിരുന്ന തൊഴിലാളികൾ വരാതായതും കുടുംബങ്ങൾ യാത്ര ചെയ്യാത്തതുമാണ് ജലഗതാഗതവകുപ്പിനെ പ്രതിസന്ധിയിലാക്കിയത്.
സർക്കാർ ജീവനക്കാരും അത്യാവശ്യകാര്യങ്ങൾക്കു പോകുന്നവരും മാത്രമാണ് ബോട്ടിൽ കയറുന്നത്. യാത്രക്കാരുടെ കുറവുണ്ടായതോടെ മൂന്നു ബോട്ടുകൾ സർവീസ് നടത്തിയിരുന്നത് രണ്ടു ബോട്ടുകളായി ചുരുക്കി.
ഒരു ബോട്ട് അറ്റകുറ്റപ്പണിക്കായി എറണാകുളത്തക്കു മാറ്റി. നഷ്ടം കുറയ്ക്കാൻ സോളാർ ബോട്ട് 22 ട്രിപ്പുകളും നടത്തുകയാണ്. വൈക്കം -എറണാകുളമായി സർവീസ് നടത്തുന്ന ഹൈസ് സ്പീഡ് എസിബോട്ട് വേഗ 120 യാത്രക്കാരുടെ എണ്ണക്കുറവുമൂലം സർവീസ് പുനരാരംഭിച്ചിട്ടില്ല.
തൊഴിൽ മേഖലയിലെ സ്തംഭനം മാറി സാധാരണക്കാരുടെ ജീവിതം മെച്ചപ്പെട്ടാൽ മാത്രമേ ബോട്ട് സർവീസ് സാധാരണ നിലയിലാകുകയുള്ളൂവെന്ന് ജലഗതാഗതവകുപ്പ് വൈക്കം സ്റ്റേഷൻ മാസ്റ്റർ ആനന്ദൻ പറഞ്ഞു.