വൈക്കം: നാട്ടുകാർ ഒത്തു ചേർന്നു റോഡിൽ നിന്നു; ലോറിയിൽനിന്ന് റോഡിൽ ഓയിൽ വീണിടത്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ മുന്നറിയിപ്പുമായി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വൈക്കം വലിയ കവലയിലായിരുന്നു സംഭവം.
ലോറിയിൽനിന്ന് വീണ ഓയിലിൽ തെന്നി മൂന്നു ബൈക്കുകൾ മറിഞ്ഞ് ആറു പേർക്കു പരിക്കേറ്റിരുന്നു. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കുകൾ തെന്നിവീഴുന്നതുകണ്ട് നാട്ടുകാർ ഫയർ ഫോഴ്സിനേയും പോലീസിനേയും വിവരമറിയിച്ചു.
തുടർന്ന് ഫയർ ഫോഴ്സ് എത്തുന്നതുവരെ അപകടങ്ങൾ ഒഴിവാക്കാൻ നാട്ടുകാർ ഇരുചക്ര വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകി റോഡിൽ നിൽക്കുകയായിരുന്നു.
അതിനാൽ കൂടുതൽപ്പേർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഓയിൽ വീണ ഭാഗങ്ങളിൽ മരപ്പൊടി വിതറി അപകടഭീഷണി ഒഴിവാക്കി.