കോട്ടയം: വൈക്കം തലയോലപ്പറന്പ് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർഥിനിയെ അയൽവാസിയായ പോലിസുകാരൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഉൗർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഉന്നത പോലീസ് അധികൃതർക്ക് പരാതി നൽകി.
സ്കൂളിൽ പോയ പെണ്‍കുട്ടിയെ കാറിൽ കയറ്റിയ ശേഷം സ്പ്രേ അടിച്ചപ്പോൾ പെണ്‍കുട്ടി ബോധരഹിതയായെന്നും തുടർന്ന് പോലീസുകാരൻ പെണ്‍കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
തുടർന്ന് കാറിൽ കയറ്റി സ്കൂളിനു സമീപത്ത് ഇറക്കിവിട്ടുവെന്നുമാണ് പോലിസിനു നൽകിയ പരാതിയിൽ പറയുന്നത്.
ചൈൽഡ് ലൈൻകാർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയെ ശിശു സംരക്ഷണ സമിതി സമീപിച്ചിരുന്നു.
പെണ്‍കുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയെന്നുള്ള കാര്യം വെളിപ്പെട്ടതോടെയാണ് ശിശു സംരക്ഷണ സമിതി പോലീസിൽ വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഒതളങ്ങ കഴിച്ച് സമീപവാസിയായ കൂട്ടുകാരികളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുകയും ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വ്യാപകമായി ആരോപണമുയർന്ന സാഹചര്യത്തിലാണ് സ്കൂൾ വിദ്യാർഥിനിയുമായി ബന്ധപ്പെട്ട പീഡന കേസിൽ അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തുവന്നത്.
പോലീസുകാരൻ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതുകൊണ്ടാണ് പെണ്‍കുട്ടി മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താതിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് സംഭവത്തിലെ നിജസ്ഥിതി ബോധ്യപ്പെടുത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ നീക്കം.
പോലീസുകാരനു പുറമേ അയാളുടെ പ്രായപൂർത്തിയാകാത്ത മകനും പെണ്‍കുട്ടിയെ ശാരീരികമായി ശല്യം ചെയ്തിരുന്നതായി ആരോപണമുണ്ട്.
ഇക്കാര്യം ആരോപിക്കുന്ന തരത്തിൽ ഒരു വാട്ട്സ് ആപ്പ് ചാറ്റും നാട്ടിൽ പ്രചരിക്കുന്നുണ്ട്.
2014 ആഗസ്റ്റ് 14ന് പഴന്പെട്ടിയിൽ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 14 കാരിയുടെ മരണത്തിനു പിന്നിലും ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.
ഇപ്പോൾ പീഡിപ്പിക്കപ്പെട്ട പരാതിയുമായി വന്ന പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായിരുന്നു 14കാരി.
ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷിച്ചാൽ തങ്ങൾക്കു നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കൾ.