വൈക്കം: വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയകൾക്കുശേഷം വീട്ടിൽ കഴിയുന്ന ഗൃഹനാഥന് മരുന്നു വീട്ടിലെത്തിച്ചു വൈക്കം ഫയർഫോഴ്സ് തുണയായി.
വൈക്കം പുളിഞ്ചുവട് സമ്രാട്ടിൽ രതികുമാറി(49)നാണ് 20 ദിവസത്തേക്കുള്ള മരുന്ന് കോട്ടയത്തുനിന്നു വാങ്ങിച്ച് ഫയർഫോഴ്സ് വീട്ടിലെത്തിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് ബസ് സർവീസില്ലാത്തതിനാൽ നിർധന കുടുംബം ഗത്യന്തരമില്ലാതെ മരുന്നു ലഭ്യമാക്കാൻ തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ഇവർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ വൈക്കം ഫയർഫോഴ്സിനു നിർദേശം നൽകുകയായിരുന്നു.
വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ മഹേഷ് രവീന്ദ്രൻ, ഡി. രാധാകൃഷ്ണൻ നായർ എന്നിവർ ഫയർഫോഴ്സ് വാഹനത്തിൽ പോയി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു മരുന്നു വാങ്ങി വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു.
കഴിഞ്ഞ നവംബർ മൂന്നിന് രാത്രി സൈക്കിൾ തള്ളി വന്ന രതി കുമാറിനെ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലയ്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ രതികുമാറിനെ കോട്ടയം മെഡിക്കൽ കോളജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടത്തെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ രതികുമാറിന് ഓർമ പൂർണമായി വീണ്ടെടുക്കാനായിട്ടില്ല.