വൈക്കം: വടയാർ മുട്ടുങ്കൽ പാലത്തിനു സമീപത്തെ ഓരുമുട്ടു തുറന്നതിനെത്തുടർന്ന് മുട്ടുങ്കലിലും സമീപത്തെ ഉൾത്തോടുകളിലും ചാകര.
മൂവാറ്റുപുഴയാറിനെയും കരിയാറിനെയും കൂട്ടിയിണക്കുന്ന മുട്ടുങ്കലിൽ നെൽകൃഷിയും ഇടവിളകളും ഓരുവെള്ളത്തിൽനിന്നു സംരക്ഷിക്കാൻ മുട്ടുങ്കലിൽ പതിറ്റാണ്ടുകളായി ഓരുമുട്ട് സ്ഥാപിച്ചുവരുന്നു. മാസങ്ങളോളം നീരൊഴുക്കു തടസപ്പെടുത്തുന്ന ഓരുമുട്ട് പൊട്ടിക്കുന്പോൾ മൂവാറ്റുപുഴയാറിൽനിന്നുള്ള ശുദ്ധജലം അതിശക്തമായി കരിയാറിലേക്കു പ്രവഹിക്കും.
ഈ പുതുവെള്ളപാച്ചിലിനൊപ്പമാണ് നാട്ടു മത്സ്യങ്ങളുടെ ചാകരയെത്തുന്നത്. മുട്ടുങ്കൽ നിവാസികൾ വലവീശിയും ഉടക്കുവലയിട്ടും രാത്രിയിൽ ശക്തിയേറിയ ടോർച്ചു ലൈറ്റിന്റെ പ്രകാശത്തിൽ മുപ്പല്ലിക്കു വലിയ മീനുകളെ കുത്തിപ്പിടിച്ചും ഓറ്റലുപയോഗിച്ചുമാണ് മത്സ്യങ്ങളെ പിടിക്കുന്നത്.
പുഴയിൽനിന്നു തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും വെള്ളം കയറി വരുന്ന ഭാഗങ്ങളിൽ പരന്പരാഗത മത്സ്യബന്ധന രീതിയായ കൂടുവച്ചും ഗ്രാമീണർ മത്സ്യം പിടിക്കുന്നുണ്ട്. വാള, കരിമീൻ, വാകവരാൽ, കട്ല, പുല്ലൻ, ആറ്റുചെന്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെ കൂടുതലായി ലഭിക്കുന്നത്. അഞ്ചു കിലോഗ്രാമിലധികം തൂക്കമുള്ള വാളയും വാകവരാലുമൊക്കെയാണ് ലഭിച്ചത്. മഴ ആരംഭിച്ചാൽ ഇനിയും കൂടുതലായി നാട്ടുമീൻ ലഭിക്കുമെന്നു പ്രദേശവാസികൾ പറയുന്നു.