വൈക്കം: കോവിഡ് പ്രതിരോധ പ്രവർത്തനത്തേിലേർപ്പെട്ട ശുചീകരണ തൊഴിലാളി രജിസ്റ്ററിൽ ഒപ്പിട്ടില്ലെന്ന പേരിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഒന്‍പതു ദിവസത്തെ വേതനം തടഞ്ഞത് നഗരസഭ കൗണ്‍സിലിൽ ഉച്ചപ്പാടിനിടയാക്കി.
പിപിഇ കിറ്റ് ധരിച്ച് കോവിഡ് ബാധിതരുടെ വീടുകളിലടക്കം വേതനം തടയപ്പെട്ട തൊഴിലാളി ശുചീകരണം നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ പറഞ്ഞു.
ശുചീകരണ തൊഴിലാളികൾക്ക് ഒപ്പിടാൻ സൗകര്യപ്രദമായ സ്ഥലത്ത് രജിസ്റ്റർ എത്തിക്കാൻ നഗരസഭ ചെയർപേഴ്സണ്‍ നിർദ്ദേശിച്ചെങ്കിലും ഹെൽത്ത് ഇൻസ്പെക്ടർ രജിസ്റ്റർ നൽകിയില്ലെന്ന് എസ്.ഹരിദാസൻ നായർ, കവിതാ രാജേഷ് എന്നിവർ ആരോപിച്ചു.
നഗരസഭയിൽ നിന്നു തുക നൽകാൻ നിയമപ്രശ്നമുണ്ടെങ്കിൽ പണി ചെയ്ത ആളുടെ വേതനം നഷ്ടപ്പെടാൻ ഇടയാക്കിയ ഉദ്യോഗസ്ഥനിൽ നിന്നു ഈടാക്കി നൽകണമെന്നും കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.
ഒപ്പിടാതിരുന്ന ശുചീകരണ തൊഴിലാളി അപേക്ഷ നൽകിയിട്ടുണ്ടെന്നും മാനുഷിക പരിഗണന കണക്കിലെടുത്ത് ശുചീകരണ തൊഴിലാളിക്ക് വേതനം നൽകുമെന്ന് വൈസ് ചെയർമാൻ പി.ടി. സുഭാഷ് കൗണ്‍സിലിൽ അറിയിച്ചു.
ദളവാക്കുളത്തെ പ്രവർത്തനം നിലച്ച കംഫർട്ട് സ്റ്റേഷനിൽ വാട്ടർ കണക്ഷൻ പുനഃസ്ഥാപിച്ചു പ്രവർത്തനം പുനരാരംഭിക്കാൻ കൗണ്‍സിൽ തീരുമാനിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത കശാപ്പുശാലകൾക്കെതിരൈ നടപടി സ്വീകരിക്കാനും കൗണ്‍സിൽ തീരുമാനിച്ചു.
നഗരസഭ ചെയർ പേഴ്സണ്‍ രേണുക രതീഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്.ഹരിദാസൻനായർ, മഹേഷ്, അശോകൻ വെള്ളവേലി, എബ്രഹാം പഴയകടവൻ, പ്രീതാ രാജേഷ്, കവിത രാജേഷ്, ലേഖ അശോകൻ, അയ്യപ്പൻ, ആർ. സന്തോഷ് തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.