വൈക്കം: ചെന്പിൽ വേന്പനാട്ടു കായലോരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആശാവർക്കർമാരിലേക്കും ആശുപത്രികൾ കേന്ദ്രീകരിച്ചും.
വൈക്കത്തും സമീപ പ്രദേശങ്ങളിലുമുള്ള ആശാവർക്കർമാരിൽനിന്നും പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം, താലൂക്ക് ആശുപതി അടക്കമുള്ള ആതുരാലയങ്ങളിൽനിന്നും പോലിസ് വിവരങ്ങൾ തേടും.
മൂന്നു ദിവസത്തിലധികം പഴക്കം മൃതദേഹത്തിനുള്ളതിനാൽ വൈക്കത്തിനപ്പുറത്തുനിന്ന് ഒഴുകി വന്നതാണെന്ന സംശയവും പോലിസിനുണ്ട്. എറണാകുളം, അരൂർ, പെരുന്പളം തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും.
നാളെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്പോൾ മരണകാരണം വ്യക്തമാകും. ചെന്പ് പഞ്ചായത്ത് 13-ാം വാർഡിലെ കാട്ടാന്പള്ളി ഭാഗത്ത് കായലോരത്ത് തിങ്കളാഴ്ച രാവിലെയാണ് രണ്ടാഴ്ചയോളം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനു മുന്നു ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. ശക്തമായ ഒഴുക്കിൽ ദൂരെ സ്ഥലത്തുനിന്ന് ചെന്പ് കായലോരത്ത് മൃതദേഹമെത്തിയതാണോയെന്ന സംശയവുമുയരുന്നുണ്ട്.
കുഞ്ഞു ജനിച്ചതുമായി കണക്കാക്കിയുള്ള കാലയളവിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന പ്രസവങ്ങളെക്കുറിച്ചു പോലിസ് അന്വേഷിക്കും.
ആശുപത്രികളിൽ നടന്ന പ്രസവങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പമുണ്ടോയെന്നും ആശുപത്രിയിലെത്താതെ സ്വാഭാവികമായി പ്രസവം നടന്ന ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ആരെങ്കിലും കായലിൽ തള്ളിയതാണോയെന്നും അന്വേഷിക്കും.