വൈക്കം: അമ്മയ്ക്കൊപ്പം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ പതിനഞ്ചുകാരിയെ കബളിപ്പിച്ചു മൂന്നേകാൽ പവന്റെ സ്വർണാഭരണം കൈക്കലാക്കി മധ്യവയസ്കൻ കടന്നു.
വൈക്കം ഉദയനാപുരം ഇരുന്പുഴിക്കര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ മാലയാണ് അപഹരിക്കപ്പെട്ടത്. ഇന്നലെ രാവിലെ വൈക്കം മിനി സിവിൽ സ്റ്റേഷനു സമീപം അപേക്ഷകൾ എഴുതി നൽകുന്ന സ്ത്രീയുടെ സമീപം ഇരുന്പുഴിക്കര സ്വദേശിനിയും മകളും മകൾക്ക് പഠനസഹായം ലഭിക്കുന്നതിനായി അപേക്ഷ എഴുതിക്കാനെത്തി.
അപേക്ഷ എഴുതി നൽകുന്ന സ്ത്രീയോടു വിവരം പറയുന്നതു സമീപത്ത് കേട്ടു നിന്നിരുന്ന കാവിമുണ്ടും വെള്ളപൂക്കളുള്ള ഷർട്ടും ധരിച്ചയാൾ അടുത്തെത്തി തന്റെ മകൾക്കും എംഎൽഎയ്ക്ക് അപേക്ഷ നൽകി സഹായം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു.
അപേക്ഷയുമായി വൈക്കം കോടതിക്കു സമീപത്തെ എംഎൽഎ ഓഫീസിലേക്ക് അമ്മയും മകളും നടന്നപ്പോൾ ഇയാളും കൂടെക്കൂടി.
എംഎൽഎയെ കാണുന്പോൾ മാലയൊക്കെ ഇട്ടുചെന്നാൽ സഹായം ലഭിക്കില്ലെന്നും മാറ്റി വയ്ക്കാനും ഇയാൾ ആവശ്യപ്പെട്ടു. ഇതു കേട്ട അമ്മ പറഞ്ഞതിൽ കാര്യമുണ്ടെന്നു കരുതി മാല ഉൗരി പഴ്സിൽ വച്ച് മകളെയേൽപ്പിച്ചു.
എംഎൽഎ ഓഫീസിൽ എത്തിയപ്പോൾ അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡിന്റെ പകർപ്പുകൂടി വേണമെന്ന് അറിയിച്ചതിനാൽ പിറ്റേന്നു വരാമെന്ന് പറഞ്ഞിവർ ഇറങ്ങി.
പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മരുന്നു വാങ്ങാനായി ഇവർ നടന്നപ്പോൾ മുന്നിലൂടെ അപരിചിതനും നടന്നുപോയി.
ആശുപത്രിയിലെത്തിയ മാതാവ് ചീട്ടെടുത്ത് മകളെ മുൻവശത്തെ വിശ്രമകേന്ദ്രത്തിൽ ഇരുത്തിയശേഷം ഡോക്ടറെ കാണാൻ വരിയിൽനിന്നു. ഇതിനിടെ അപരിചിതനും ആശുപത്രിക്കുള്ളിലേക്കു കടന്നു പോയി.
കുറച്ചു കഴിഞ്ഞു മകൾ ഇരുന്ന സ്ഥലത്തെത്തിയ അപരിചിതൻ അമ്മയ്ക്കു മരുന്നു വാങ്ങാനായി പണമെടുക്കാൻ പഴ്സ് തന്നുവിടാൻ പറഞ്ഞെന്ന് അറിയിച്ചു. അമ്മയ്ക്കു താൻ പഴ്സ് കൊണ്ടുചെന്നു കൊടുക്കാമെന്നു പെണ്കുട്ടി പറഞ്ഞിട്ടും അപരിചിതൻ സമ്മതിച്ചില്ല.
കോവിഡ് വ്യാപനമുള്ളതിനാൽ ആശുപത്രിയിലെ തിരക്കിൽപ്പെടേണ്ടെന്നു പറഞ്ഞ് ഇയാൾ പെണ്കുട്ടിയിൽനിന്ന് പഴ്സും വാങ്ങി ആശുപത്രിയുടെ അകത്തേക്കു പോയി.
ഏതാനും സെക്കൻഡുകൾക്കകം അപരിചിതൻ ആശുപത്രിയുടെ സമീപത്തെ വഴിയിലുടെ കടന്നുപോകുന്നതു കണ്ട പെണ്കുട്ടി പഴ്സ് അമ്മയ്ക്കു കിട്ടിയോയെന്നറിയാൻ അമ്മയുടെ അടുത്തുചെന്നു ചോദിച്ചപ്പോഴാണ് കബളികപ്പിക്കപ്പെട്ടത് മനസിലായത്.
പിന്നീട് ഇരുവരും ചേർന്ന് ആശുപത്രി പരിസരത്തും നഗരത്തിലും അപരിചിതനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.