വൈക്കം: ചെന്പ് കാട്ടിക്കുന്നിൽവാലേൽ ഭാഗത്തു കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു പ്രദേശത്തെ സ്ത്രീകളടക്കടക്കം കുടങ്ങളുമായി സമരത്തിനെത്തി.
വൈക്കം വാട്ടർ അഥോറിറ്റി ഓഫീസിലേക്കു കുടങ്ങളുമായി കൂട്ടമായെത്തിയ പ്രദേശവാസികളിലെ പന്ത്രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടിക്കുന്നുവാലേൽ ഭാഗത്തെ 30 കുടുംബങ്ങൾക്കു കുടിവെള്ളം ലഭിക്കുന്നില്ല. ഈ ഭാഗത്തു വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിൽ തകരാർ സംഭവിച്ചിരുന്നു.
കുടിവെള്ളം മുടങ്ങിയതോടെ പ്രദേശവാസികൾ വാട്ടർ അഥോറിറ്റി അധികൃതരോടു പരാതിപ്പെട്ടിരുന്നു. അധികൃതർ പരിഗണന കാട്ടിയില്ലെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണു പ്രദേശവാസികൾ കുടങ്ങളുമായി കാട്ടിക്കുന്നിലെത്തി വൈക്കം വാട്ടർ അഥോറിറ്റി ഓഫീസിലേക്കു സമരത്തിനായി പുറപ്പെടാൻ ഒരുങ്ങിയത്.
വിവരമറിഞ്ഞെത്തിയ പോലീസ് സമരത്തിനെത്തിയവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുമായി പോലീസ് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൈപ്പുലൈനിലെ തകരാർ പരിഹരിച്ചു കുടിവെള്ള വിതരണം കാര്യക്ഷമമാക്കാമെന്നു വാട്ടർ അഥോറിറ്റി അധികൃതർ ഉറപ്പു നൽകി.
കുടിവെള്ള പ്രശ്നത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട പോലീസ് കേസെടുക്കാതെ സമരക്കാരെ വിട്ടയച്ചു.