വൈക്കം: വൈക്കം ചെമ്മനത്തു കരയിൽ മനുഷ്യ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്തുനിന്ന് കാണാതായവരുടെ ബന്ധുക്കളിൽനിന്ന് ഇന്നു ബ്ലഡ് സാന്പിൾ ശേഖരണം ആരംഭിച്ചു.
മൽസ്യക്കുളത്തിനായി കുഴിച്ചപ്പോൾ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിലാണ് പോലീസ് ബ്ലഡ് സാന്പിൾ ശേഖരിക്കുന്നത്.
വർഷങ്ങൾക്കു മുന്പ് കാണാതായ മുന്നുപേരുടെ ബന്ധുക്കളിൽനിന്നാണ് ആദ്യ ഘട്ടത്തിൽ ബ്ലഡ് സാന്പിൾ ശേഖരിക്കുന്നത്.
ബ്ലഡ് സാന്പിളുകൾ ശേഖരിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി തലയോട്ടിയും അസ്ഥികളും ഇന്നുതന്നെ ഫോറൻസിക് ലാബിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം.
സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് രാസപരിശോധന ഫലം ഉടൻ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നതെന്ന് പോലിസ് പറഞ്ഞു.
40 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹാവശിഷ്ടമെന്നാണ് ഫോറൻസിക് സർജന്റെ പ്രാഥമിക നിഗമനം.
രണ്ടു വർഷത്തിനും പത്തു വർഷത്തിനുമിടയിൽ പഴക്കം തോന്നിക്കുന്നതാണ് മൃതദേഹാവശിഷ്ടങ്ങളെന്നുകൂടി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതോടെ ചെമ്മനത്തുകരയ്ക്കു പുറമേ സമീപ സ്ഥലങ്ങളിലേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു.
ഫോറൻസിക് പരിശോധന ഫലം ലഭിച്ചു കഴിഞ്ഞ് അന്വേഷണം പുരോഗമിക്കുമെന്ന പ്രതീക്ഷയിലാണ് പോലിസ്.
ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്ത് മടൽ കുഴിയിൽ അഞ്ചടി താഴ്ചയിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
റോഡ് മാർഗവും ജലമാർഗവും എത്തിച്ചേരാവുന്ന വിജനമായ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ കൊലപാതക സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല.
വൈക്കം ഡിവൈ എസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.