തിരുവനന്തപുരം: വൃശ്ചിക മാസത്തിലെ തൃക്കാർത്തികനാളിൽ മലയാളിക്കു ഇഷ്ടം പോലെ കഴിക്കുവാൻ പണ്ട് പറന്പ് നിറയെ കാച്ചിൽ കാണും. പഴയപോലെ കൃഷിചെയ്യുവാൻ വിശാലമായ പറന്പില്ലാത്തവർക്കു മാതൃകയാക്കുവാനായി ജൈവകർഷകൻ ഉള്ളൂർ ആർ. രവീന്ദ്രൻ മട്ടുപ്പാവിൽ ഗ്രോബാഗിൽ കഴിഞ്ഞ കുംഭമാസത്തിലെ ഭരണി നാളിൽ വയലറ്റ് കാച്ചിൽ നട്ടു. കാർത്തികയ്ക്കു ഇഷ്ട വിഭവങ്ങളൊരുക്കുവാനായി ഇന്നലെ വയലറ്റ് കാച്ചിലിന്റെ വിളവെടുത്തു.
കേരളത്തിന്റെ കാർഷിക മേഖലയ്ക്കു തന്നെ മാർഗദീപ മാവുകയാണ് ഗ്രോബാഗിൽ നിന്നും ലഭിച്ച ഈ കൃഷി സമൃദ്ധി. നാടൻ കാച്ചിൽ വർഗത്തിൽപ്പെടുന്ന കാച്ചിലായ വയലറ്റ് കാച്ചിൽ പണ്ടുകാലം മുതലെ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന കിഴങ്ങുവിളയാണ്.കാച്ചിലിന്റെ വയലറ്റ് വർണംകൊണ്ട് തന്നെയാണ് ഇവ വയലറ്റ് കാച്ചിൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഡയോസ്കോറിയ അലാറ്റ എന്നതാണ് ശാസ്ത്രനാമം. ഗ്രേറ്റർ യാം എന്നു സാധാരണ അറിയപ്പെടുന്നു.
ഏറെ പോഷകസന്പന്നമായ കാച്ചിൽതന്നെയാണ് വയലറ്റ് കാച്ചിലും. കാർബോ ഹൈഡ്രേറ്റുകൾ നാരുകൾ, ജീവകങ്ങൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. എളുപ്പം വേകുന്ന രുചികരമായ കാച്ചിലാണ് ഇതെന്ന് ആർ.രവീന്ദ്രൻ പറയുന്നു. കാച്ചിൽകൊണ്ട് പുഴുക്ക് മെഴുക്കുപുരട്ടി തുടങ്ങിയ കറികൾ പാകം ചെയ്യാം.
അവിയൽ, സാന്പർ തുടങ്ങിയ കറികളിലും ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞ ആറു വർഷങ്ങളായി ഗ്രോബാഗിൽ കാച്ചിൽ നനകിഴങ്ങ്, മുൾക്കിഴങ്ങ് തുടങ്ങിയ കഴിങ്ങുവിളകൾ കൃഷി ചെയ്ത് നല്ല വിളവെടുക്കുകയാണ് ആർ.രവീന്ദ്രൻ.കൃഷിചെയ്യുവാൻ സ്ഥലമില്ലാത്ത ധാരാളം കൃഷി സ്നേഹികൾ ഇപ്പോൾ ഗ്രോബാഗ് പാത പിന്തുടരുകയാണ്.