വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ കുത്തിത്തുറന്ന് പെത്തഡിൻ, മോർഫിൻ മരുന്നുകൾ മോഷണം പോയ സംഭവത്തിന്റെ അന്വേഷണം വഴിമുട്ടി.
ലഹരി മാഫിയ സംഘങ്ങളാണ് മോഷണത്തിനു പിന്നിലെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം പുരോഗമിച്ചെങ്കിലും മോഷ്്ടാക്കളെ കണ്ടെത്താനുള്ള സൂചനകളൊന്നും ലഭിച്ചില്ല.
മോഷണം നടത്തിയവർക്ക് ആശുപത്രി ജീവനക്കാരുടെ സഹായം ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജീവനക്കാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും വിജയത്തിലെത്തിയില്ല.
ആശുപത്രിയിൽ മരുന്ന് സൂക്ഷിച്ചിരിക്കുന്ന സ്ഥലം പുറത്തുള്ളൊരാൾക്ക് മനസിലാക്കാൻ പ്രയാസമാണ്.
അതിനാൽ മോഷണത്തിന് ആശുപത്രിയുമായി അടുത്ത ബന്ധമുള്ള ജിവനക്കാരോ, മറ്റാരെങ്കിലുമോ സഹായം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് ഇപ്പോഴുമുള്ളത്.
ആശുപത്രിയോടു ചേർന്നു നിർമാണം നടക്കുന്ന പുതിയ യൂണിറ്റു വഴിയാകാം മോഷ്ടാക്കൾ ആശുപത്രിക്കുള്ളിൽ കടന്നിരിക്കുന്നത്.
ഇവിടെ സിസിടിവി കാമറകൾ ഇല്ലെന്നുള്ള വസ്തുതയും മോഷ്ടാക്കൾ മനസിലാക്കിയതിലും ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന മരുന്നു കൈക്കലാക്കിയതിലുമാണ് ജീവിനക്കാരുടെ ഇടപെടൽ സാധ്യത കൂടുതൽ വെളിവാക്കുന്നതെന്നും പോലീസ് പറഞ്ഞു.