ഡിജിറ്റൽ ലോകത്ത് ഏവരുടെയും വലിയ ആശങ്ക സുരക്ഷയെക്കുറിച്ചാണ്. നിരവധി ആൻറി വൈറസുകൾ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുണ്ടെങ്കിലും വൈറസുകളെ തടയാൻ ശാശ്വതമായ ഒരു മാർഗമില്ല. പെൻഡ്രൈവുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവയിലൂടെയാണ് പ്രധാനമായും വൈറസുകൾ കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും എത്തുന്നത്. കംപ്യൂട്ടർ പ്രോഗ്രാമുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതും വ്യക്തി വിവരങ്ങൾ ചോർത്തുന്നതുമായി വൈറസുകൾ ഇൻറർനെറ്റിൽ വ്യാപകമാണ്. ഇ–മെയിലുകളിലൂടെ കംപ്യൂട്ടറിൽ വൈറസ് കടത്തിവിടനാണ് ഇപ്പോൾ ഏറെ എളുപ്പം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇൻർനെറ്റ് വഴിയുള്ള വൈറസ് ബാധ തടയാം.
സ്പാം മെയിലുകൾ
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങൾ സൂചിപ്പിച്ചു കൊണ്ടായിരിക്കും വൈറസുകൾ പ്രധാനമായും ഇ–മെയിലുകളിലൂടെ എത്തുന്നത്. ലോട്ടറി അടിച്ചു, ബാങ്ക് ലോൺ പാസായി, ക്രെഡിറ്റ് കാർഡിനായി ക്ലിക്ക് ചെയ്യുക, ഓഫറുകൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക തുടങ്ങിയ വിഷയങ്ങളായിരിക്കും ഇത്തരം മെയിലുകളിൽ അടങ്ങിയിരിക്കുക. ജി–മെയിലിൽ സാധാരണായി ഇത്തരം മെയിലുകൾ സ്പാം എന്ന വിഭാഗത്തിലേക്കാണ് പോകുക. സ്പാം വിഭാഗത്തിലുളള മെയിലുകൾ തുറക്കാതിരിക്കുന്നതാണ് ഉചിതം. ബാങ്കുകളിൽ നിന്നുള്ള മെയിലുകൾക്ക് ബന്ധപ്പെട്ട ബാങ്ക് അധകൃതരുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം പ്രതികരിക്കുന്നതാണ് നല്ലത്. ചാരിറ്റിക്കായി പണം നൽകുന്നു എന്ന പേരിൽ വരുന്ന മെയിലുകളോട് ഒരിക്കലും പ്രതിക്കാതിരിക്കുന്നതാണ് ഭംഗി.
ശക്തമായ പാസ്വേഡ്
ഇ–മെയിൽ അഡ്രസ് എടുക്കുന്പോൾ തന്നെ സുരക്ഷാ ചോദ്യങ്ങളും റിക്കവറി മെയിലും ഫോൺ നമ്പറും നൽകണം. കൂടാതെ ആർക്കും ഊഹിക്കാൻ സാധിക്കാത്ത തരത്തിലുള്ള പാസ്വേഡും നൽകണം. ഇ–മെയിലുകൾ ഹാക്ക് ചെയ്ത് അതിലൂടെ വൈറസുകൾ കംപ്യൂട്ടറിൽ എത്തിക്കാനാവും. ആഡ്രോയ്ഡ് ഫോണുകളിൽ ജി–മെയിൽ അഡ്രസ് ഉപയോഗിച്ചാണ് ലോഗിൻ ചെയ്യുന്നത്. മെയിൽ അക്കൗണ്ടിനെ വൈറസ് ബാധിച്ചാൻ അത് ഫോണുകളെയും ബാധിക്കും. ചിലർ സ്വന്തം മൊബൈൽനന്പറും ജനനത്തീയതിയുമൊക്കെയാണ് പാസ്വേഡായി ഉപയോഗിക്കുന്നത്. അക്ഷരങ്ങൾ, അക്കങ്ങൾ ചിഹ്നങ്ങൾ തുടങ്ങിയവ അടങ്ങിയ പാസ്വേഡ് ആയിരിക്കണം ഉപയോഗിക്കേണ്ടത്. മാത്രമല്ല മാസത്തിലൊരിക്കലോ മൂന്നു മാസം കൂടുമ്പോഴോ പാസ്വേഡുകൾ മാറ്റണം.
പോപ് അപ്പുകളെ സൂക്ഷിക്കുക
വെബ്സൈറ്റുകളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചില വിൻഡോകൾ കാണാം. ഇവയെ പോപ് അപ് വിൻഡോകൾ എന്നാണ് വിളിക്കുക. ആരേയും ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങളും വിവരങ്ങളുമായിരിക്കും ഇതിൽ കാണുക. ഇത്തരം പോപ് അപ് വിൻഡോകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. മിക്ക പോപ് അപ് വിൻഡോകളിലും കംപ്യൂട്ടറിനെ ബാധിക്കുന്ന മാൽവെയറുകൾ ഉണ്ടായിരിക്കും.
ആൻറി വൈറസ്
ഇൻർനെറ്റ് കണക്ഷനുള്ള എല്ലാ കംപ്യൂട്ടറിലും ശക്തമായിട്ടുള്ള ആൻറി വൈറസ് സോഫ്റ്റ് വെയറുകൾ ഉപയോഗിക്കണം. അവ കൃത്യമായി അപഡേറ്റ് ചെയ്തുവേണം ഉപയോഗിക്കാൻ. ഫ്രീയായി ലഭിക്കുന്ന ആൻറി വൈറസുകളെക്കാൾ സുരക്ഷിതത്വം കൂടുതൽ നൽകുന്നത് പണം നൽകി ഉപയോഗിക്കുന്ന ആൻറി വൈറസുകളാണ്. പെൻഡ്രൈവുകളും മറ്റ് എക്സ്റ്റേണൽ ഡിവൈസുകളും സ്കാൻ ചെയ്ത് വൈറസ് ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം ഉപയോഗിക്കുക.
യഥാർഥ സോഫ്റ്റവെയർ
കംപ്യൂട്ടറുകളിൽ ഒറിജിനൽ സോഫ്ററ്റ് വെയറുകൾ ഉപയോഗിക്കുന്നത് വൈറസ് ബാധയെ ഒരു പരിധിവരെ തടയാൻ സഹായിക്കും. പൈറേറ്റഡ് സോഫ്റ്റ് വെയറുകൾ സുരക്ഷയുടെ കാര്യത്തിൽ പുറകിലാണ്. മാത്രമല്ല ചില സോഫ്റ്റ് വെയറുകൾ വൈറസുകളായി പ്രവർത്തിച്ച് കംപ്യൂ
ട്ടറിൽനിന്ന് വിവരങ്ങൾ ചോർത്താറുമുണ്ട്.
സൈബർ ആക്രമണം ഒരിക്കലും അവസാനിക്കില്ല. പലരൂപത്തിൽ, പല ഭാവത്തിൽ അവ എപ്പോഴും നമ്മുടെ അടുത്തുണ്ട്. ശക്തമായ പ്രതിരോധ നടപടികളിലൂടെ മാത്രമേ ഇവയെ തടയാനാവൂ.
–സോനു തോമസ് –