മലപ്പുറം/ കോഴിക്കോട്: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസുകാരൻ മരിച്ചു. മലപ്പുറം വേങ്ങര എആർ നഗർ ആസാദ് നഗർ തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെ മകൻ മുഹമ്മദ് ഷാൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിക്കേ ഇന്നു പുലർച്ചെ മൂന്നരയോടെയാണ് മരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാംപിളുകൾ അയച്ചിരുന്നു. പ്രദേശത്തെ കാക്കയുടെയും കൊതുകളുടെയും സാന്പിളുകളാണ് ശേഖരിച്ചത്. ഇതിന്റെ ഫലം കാത്തിരിക്കേയാണ് മരണം. ഖബറടക്കം ഇന്നു രാവിലെ 11നു ഫസലിയ ജുമാ മസ്ജിദിൽ നടക്കും.
കഴിഞ്ഞ എട്ടിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനിയും, തലവേദനയും ശരീരവേദനയുമായാണ് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കേരളത്തിൽ വെസ്റ്റ് നൈൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര വിദഗ്ധ സംഘം മലപ്പുറം ജില്ലയിൽ പരിശോധന നടത്തിവരികയാണ്.
കുട്ടിയുടെ മലപ്പുറം വേങ്ങര എആർ നഗറിലെ വസതിയിലും പരിസരത്തും കുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജിലും കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തി. സംസ്ഥാനത്തെ പ്രത്യേക മെഡിക്കൽ സംഘവും ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നു. ശേഖരിച്ച സാന്പിളുകൾ ഭോപ്പാലിലെയും പുണെയിലെയും വൈറോളജി ലാബുകളിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
വൈറസ് ബാധിച്ച ക്യൂലക്സ് കൊതുകുകളിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് രോഗം മനുഷ്യരിലേക്ക് പ്രധാനമായും പടരുന്നത്. മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്സിൻ ലഭ്യമല്ലെന്നതാണ് നിലവിൽ നേരിടുന്ന വെല്ലുവിളി. വെസ്റ്റ് നൈൽ വൈറസ് അത്ര അപകടകാരിയല്ലെങ്കിലും രോഗം മുഴുവനായും വിട്ടുമാറാൻ മാസങ്ങളോളം സമയം വേണ്ടിവരും.
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ രോഗബാധയുണ്ടാകുന്നവർക്ക് പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയവയും ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. വളരെ ചെറിയ ശതമാനം ആളുകളിൽ മാത്രം വൈറസ് ബാധ ഗുരുതരമായ മസ്തിഷ്ക വീക്കത്തിനും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട്.
എന്താണ് വെസ്റ്റ് നൈൽ
1973ൽ ആഫ്രിക്കയിലെ വെസ്റ്റ് നൈൽ മേഖലയിലാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്. അതിനാലാണ് ഈ വൈറസിന് ഇങ്ങനെ ഒരു പേര് ലഭിച്ചതും. പക്ഷികളിൽ നിന്ന് കൊതുകുകളിൽ എത്തുന്ന വൈറസ് പിന്നീടാണ് മനുഷ്യരിലേക്ക് പകരുന്നത്.
ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രി സമയങ്ങളിൽ കടിക്കുന്ന ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്തഅവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ നേരിട്ട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു.