മുക്കം: ലോക്ക് ഡൗണിൽപെട്ട് ആബാലവൃദ്ധം ജനങ്ങളും വീടുകളിൽ തന്നെ തളച്ചിടപ്പെട്ടതോടെ എല്ലാവരുടെയും മൊബൈൽഫോണുകളിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക് പോസ്റ്റുകൾ വന്നു നിറയുകയാണ്.
കളിയും തമാശയും കാര്യവും നിറഞ്ഞ പോസ്റ്റുകൾ, എന്നാൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി മേലേപറന്പിൽ വൈശാഖിന്റെ മൊബൈൽ ഫോണിൽ വരുന്നതു മുഴുവൻ സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകളുടെ ഫോട്ടോകളാണ്. കാര്യം മറ്റൊന്നുമല്ല.
ശാഖിന് തങ്ങളുടെ ഒരു ഫോട്ടോ അയച്ചു കൊടുത്താൽ അതേ പോലുള്ള തങ്ങളുടെ ഒരു ചിത്രം വൈശാഖ് വരച്ചു അയയ്ച്ചുതരും. പകരം നൽകേണ്ടത് ഒന്നുമാത്രം. ഈ കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 രൂപയിൽ കുറയാത്ത ഒരു സംഖ്യ അയച്ചു അതിന്റെ രസീത് സ്ക്രീൻഷോട്ട് എടുത്ത് വൈശാഖിന് അയച്ചു കൊടുക്കണം.
ഇങ്ങനെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം ചിത്രകല ഇതുവരെ അഭ്യസിച്ചിട്ടില്ലാത്ത വൈശാഖ് വരച്ച നൽകിയത്. അങ്ങനെയാണ് താൻ ഇതുവരെ പ്രയോഗിച്ചു നോക്കിയിട്ടില്ലാത്ത കലാവൈഭവം നാടിൻറെ ന·യ്ക്കായി ചേർത്തുവയ്ക്കാൻ മേലേപറന്പിൽ വേലായുധൻ റെയും ശാരദയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ വൈശാഖ് തീരുമാനിച്ചത്.
പിന്നെ കാസർഗോഡുള്ള ഒരു നവമാധ്യമ കൂട്ടായ്മയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പിന്നീട് വൈശാഖിന്റെ സ്മാർട്ട്ഫോണിനും കൈവിരലുകൾക്കും വിശ്രമം ഉണ്ടായിട്ടില്ല. കൊറോണ കാലത്തെ സന്നദ്ധ പ്രവർത്തനത്തിന് ഇടയിൽ കിട്ടുന്ന സമയം എല്ലാം ഇതിനായി ചിലവഴിക്കുകയാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആർആർടി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വൈശാഖ്.
അഡോബ് ഡ്രോ എന്ന ആപ്പ് ഉപയോഗിച്ച് വരയ്ക്കുന്ന ഒരു ചിത്രം പൂർത്തിയാക്കാൻ ചുരുങ്ങിയത് രണ്ടര മണിക്കൂർ എങ്കിലും സമയം ചെലവഴിക്കണം. എങ്കിലും വൈശാഖിന് ഒരു ലക്ഷ്യമുണ്ട് . താൻ അറിയാതെ തന്നിൽ വന്നു പെട്ട ഈ കലാ സപര്യയിലൂടെ ഒരു ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കണം. ലക്ഷ്യം നേടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വൈശാഖ്.
ആത്മവിശ്വാസത്തോടെ ഒപ്പം കടമ നിറവേറ്റാൻ ബാധ്യതപ്പെട്ട പൊതുപ്രവർത്തകന്റെ കരുതലോടെ.