തിരൂർ: ലോകത്തെ മനുഷ്യരെല്ലാം ഭിന്നശേഷിക്കാരാണെന്നും ഒരാളെപ്പോലെ മറ്റൊരാളെ കാണാനാകില്ലെന്നും സാഹിത്യ അക്കാഡമി പ്രസിഡന്റും എഴുത്തുകാരനുമായ വൈശാഖൻ അഭിപ്രായപ്പെട്ടു. മലയാള സർവകലാശാലയിൽ കാറ്റാടിക്കൂട്ടം പാലിയേറ്റീവ് കെയർ ഫോറം, എൻഎസ്എസ് യൂണിറ്റ്, തിരൂർ ജില്ലാ ആശുപത്രി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ ദ്വിദിന ക്യാമ്പ് – വരം’17 – ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാറും വീടും അടങ്ങുന്ന അടിസ്ഥാനസൗകര്യങ്ങളല്ല, മറ്റൊരാളുടെ വേദന കാണാനുള്ള മനസാണ് ഒരാളെ മനുഷ്യനാക്കുന്നത്. എല്ലാ മനുഷ്യർക്കും പക്ഷമുണ്ട്. വേദനിക്കുന്നവരുടെയും അരികിലേക്കു തള്ളിമാറ്റപ്പെടുന്നവരുടെയും കൂടെ നിൽക്കുന്നത് രാഷ്ട്രീയ പ്രവർത്തനമാണ്. മനസിന്റെ വേദനയ്ക്ക് ജാതിയും മതവുമില്ലായെന്നു തിരിച്ചറിയുന്ന മതത്തിന്റെ പേരാണ് മനുഷ്യത്വം.
ഒരേ മതത്തിൽ പെട്ടവർ കലഹിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. മനുഷ്യന്റെ ഉള്ളിൽ ദൈവമുണ്ടെന്നു കരുതുന്നവർക്കു ആരെയും ദ്രോഹിക്കാനാകില്ല. ആരും ആരെക്കാളും ചെറുതും വലുതുമല്ലെന്ന ആത്മ ബോധം ബാങ്ക് അക്കൗണ്ടിനേക്കാൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ ഇസ്മായിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. സക്കീന, കെ. സത്യശീലൻ, പി. നസറുള്ള, ലീഡ് ബാങ്ക് മാനേജർ ടി.പി. കുഞ്ഞിരാമൻ, മലയാള സർവകലാശാല അസോസിയറ്റ് പ്രഫസർ ഡോ. സി. സൈതലവി എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന കലാസന്ധ്യയിൽ മെഡിക്കൽ ഓഫീസേഴ്സ് കൾച്ചറൽ വിംഗ്, മനോവികാസ് സ്പെഷൽ സ്കൂൾ, കാരുണ്യ ക്ലിനിക്ക് എന്നിവയിലെ കലാകാരൻമാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മെഡിക്കൽ ക്യാന്പ്, ആരോഗ്യസെമിനാർ, ഗ്രൂപ്പ് ചർച്ചകൾ, സഹൃദയസംഗമം, ഗസൽ എന്നിവയുമായി ക്യാന്പ് ഇന്നു സമാപിക്കും. കെ.ഇ.എൻ. കുഞ്ഞഹമ്മദ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.