നിറഞ്ഞ പുഞ്ചിരിയും മനക്കരുത്തും മാത്രം ആയുധമാക്കി കാൻസർ എന്ന ശത്രുവിനെ തുരത്തിയോടിച്ചവർ നമ്മൾക്കു ചുറ്റുമുണ്ട്. എന്നാൽ കാൻസർ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ നിരാശയുടെ പടു കുഴിയിലേക്കു വീണിട്ടുള്ളവരും കുറവല്ല. കാൻസർ രോഗം സമ്മാനിച്ച കടുത്ത വേദനയിലും വധുവായി അണിഞ്ഞൊരുങ്ങി ഫോട്ടോഷൂട്ട് നടത്തിയ വൈഷ്ണവി ഭുവനേന്ദ്രൻ എന്ന യുവതി നൽകുന്ന ആത്മവിശ്വാസമാണ് സോഷ്യൽമീഡിയയിലാകെ തരംഗമാകുന്നത്.
“ദ് ബോൾഡ് ഇന്ത്യൻ ബ്രൈഡ്’ എന്ന പേരിൽ നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ് വൈഷ്ണവി താരമായത്. രണ്ടു പ്രാവശ്യമാണ് വൈഷ്ണവിയിൽ കാൻസർ പിടിമുറുക്കിയത്. ആദ്യം സ്തനാർബുദത്തിന്റെ രൂപത്തിലാണ് കാൻസർ വന്നത്. അതിമനോഹരമായ ഒരു ജീവിതം സ്വപ്നം കണ്ട വൈഷ്ണവിയിൽ ഈ രോഗം വരുത്തിയ മാറ്റം ചെറുതൊന്നുമായിരുന്നില്ല.