വൈത്തിരി: കക്കൂസടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ ലഭിക്കാത്തതിലും വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും കോളനിക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട കോക്കുഴി ചാമുണ്ടം പണിയ കോളനിക്കാരാണ് പ്രാഥമിക സൗകര്യങ്ങളില്ലാത്തതിനാൽ ദുരിതമനുഭവിക്കുന്നത്.
കോക്കുഴി ജംഗ്ഷനു സമീപം 100 മീറ്റർ അകലെ മരപ്പാലം കടന്നു വേണം കോളനിയിൽ എത്താൻ. പതിനഞ്ചോളം വീടുകളിലായി അന്പതോളം പണിയ കുടുംബങ്ങളാണ് താമസിക്കുന്നത്. പതിറ്റാണ്ടുകളായി ടോയിലറ്റ്, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാത്ത നിരവധി കുടുംബങ്ങൾ കോളനിയിലുണ്ട്. പലർക്കും സർക്കാർ വീടിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടങ്കിലും കോളനിയിലെ നാമമാത്രമായ വീടുകൾ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്.
കാലവർഷം തുടങ്ങിയാൽ ചോർച്ചയിൽ മുങ്ങുന്ന ഗതിയാണ് പല വീടുകളുടേയും. കക്കൂസുകൾ നിർമ്മിച്ച് നൽകാത്തതിനാൽ പലരും തൊട്ടടുത്ത സ്വകാര്യ തോട്ടങ്ങളെയാണ് ആശ്രയിക്കുന്നത്. സ്കൂൾ തുറന്നിട്ടും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച നിരവധി കുട്ടികളും കോളനിയിലുണ്ട്. വീടുകളുടെയും ടോയിലറ്റുകളുടേയും നിലവിലെ സ്ഥിതി ഗ്രാമപഞ്ചായത്ത് അധികൃതരോട് നിരവധി തവണ പരാതിപെട്ടിട്ടും നിരാശയായിരുന്നു ഫലമെന്ന് കോളനിക്കാർ ആരോപിക്കുന്നു.