വടക്കഞ്ചേരി: ചായക്കടക്കുള്ളിലെ ചക്ക കൗതുകമാകുന്നു. മൂലങ്കോട് കാളത്തോട്ടത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പാതയോരത്ത് പ്രവർത്തിക്കുന്ന പ്രവാസിയായ ശ്രീധരന്റെ ചായക്കടക്കുള്ളിലാണ് ഈ ചക്ക കൗതുകം. കടയോട് ചേർന്ന് ഒരു വലിയ പ്ലാവുണ്ട്.
ചായകടക്കു മുകളിലുള്ള പ്ലാവിൻ കൊന്പിൽ ചക്ക ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഒരെണ്ണം കടയുടെ ഷീറ്റുകൾക്കിടയിലൂടെ വളർന്നു വന്നു. ചക്കക്ക് വളരാൻ ശ്രീധരൻ സൗകര്യവുമൊരുക്കി.ഇപ്പോൾ ചക്ക വലുതായി മൂപ്പെത്തി.
കടയിൽ എത്തുന്നവർക്കെല്ലാം ഇപ്പോൾ ചക്ക തൂങ്ങി നിൽക്കുന്നത് കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ്.നൂറിൽ കൂടുതൽ ചക്ക ഈ പ്ലാവിൽ ഉണ്ടാകാറുണ്ടെന്ന് ശ്രീധരൻ പറഞ്ഞു. മധുരമൂറുന്ന വരി ചക്കയായതിനാൽ വീട്ടിൽ പ്ലാവില്ലാത്തവരെല്ലാം ചക്ക പഴത്തിന്റെ രുചിയറിയുന്നത് ഈ പ്ലാവിലെ ചക്കവഴിയാണ്.