പ്രത്യേകിച്ച് ജോലിയൊന്നുമില്ല. മാത്രവുമല്ല തൊഴിലില്ലായ്മ രൂക്ഷവും. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭൂമിയിൽ കുഴിച്ചാൽ വജ്രം കിട്ടുമെന്ന് പറഞ്ഞാൽ ആരെങ്കിലും വെറുതെ ഇരിക്കുമോ?
നാഗാലാന്‍ഡിലെ മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിങ് എന്ന ഗ്രാമത്തിൽ ഏതാനും മാസങ്ങൾക്ക് മുന്‍പ് നടന്ന സംഭവമാണിത്.
വലിയ ജനക്കൂട്ടം, വജ്രത്തിനായി ഒരു പ്രദേശം തപ്പിതിരയുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെയാണ് പ്രദേശത്ത് വജ്രശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചത്.
സമാനമായ സംഭവമാണ് ഇപ്പോൾ സൗത്ത് ആഫ്രിക്കയിൽ നിന്ന് വരുന്നത്. വജ്രം കണ്ടെത്തിയെന്ന വാർത്ത പടർന്നതോടെ ആയിരക്കണക്കിന് ആളുകളാണ് പിക്കസും മൺവെട്ടിയുമായി രാജ്യത്തെ ക്വാസുലു-നടാൽ പ്രവിശ്യയിലെ ക്വാഹ്ലതി എന്ന പ്രദേശത്താണ് വജ്രം കണ്ടെത്തിയതായി വാർത്ത പടർന്നത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രദേശത്തേക്ക് ജനങ്ങളുടെ ഒഴുക്കാണ്. ഏക്കറുകളോളം സ്ഥലത്ത് ജനങ്ങൾ ഖനനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇവിടെ നിന്നു ലഭിച്ച കല്ലുകൾ വജ്രമാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 500 രൂപ മുതൽ 1500 രൂപവരെ വിലയ്ക്കാണ് ആളുകൾ കല്ലുകൾ വിൽക്കുന്നത്.
32.6 ശതമാനമാണ് ഇവിടുത്തെ തൊഴിലില്ലായ്മ. അതുകൊണ്ടാണ് ഇത്രയും ആളുകൾ വജ്രം തേടിയെത്തിയതെന്നാണ് റിപ്പോർട്ട്.