ആലുവ: തോട്ടക്കാട്ടുകര ജിസിഡിഎ കോളനിയിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും കവർന്ന വീട്ടിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നത് പോലീസിന്റെ അന്വേഷണത്തെ വഴിമുട്ടിക്കുന്നു. കോടികൾ ചെലവഴിച്ച് നിർമിച്ച ആഢംബര വീട്ടിൽ ആവശ്യമായ നിരീക്ഷണ ക്യാമറകളോ സെൻസറുകളോ ഇല്ലാത്തതാണ് മോഷ്ടാക്കൾക്കു സൗകര്യമായത്.
റിമോട്ട് ഉപയോഗിച്ചു തുറക്കുന്ന പുറത്തെ ഗേറ്റിനു സമീപം കോളിംഗ് ബെല്ലിനോടുചേർന്നു മാത്രമാണ് നിരീക്ഷണ കാമറയുള്ളത്. മോഷ്ടാവ് മുൻവാതിൽ തുറക്കാത്തതിനാൽ ഈ ദൃശ്യങ്ങളിൽനിന്ന് വ്യക്തമായ സൂചനകൾ ലഭിച്ചതുമില്ല. പകരം സ്വകാര്യവ്യക്തികളും റസിഡന്റ്സ് അസോസിയേഷനും സ്ഥാപിച്ച നാലു കാമറകളെയാണ് പോലീസ് പരിശോധനകൾക്കായി ആശ്രയിച്ചത്.
പൂണേലി ജോർജ് മാത്യുവും കുടുംബവും വീട്ടിൽനിന്നു മാറിനിന്ന ഏഴു മണിക്കൂർ സമയത്തെ സിസി ടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. വൈകിട്ട് 6.30 നും രാത്രി11.30 നും ഇടയിലാണ് കവച്ച നടന്നതെന്നാണ് നിഗമനം. വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിലുള്ള ഡിജിറ്റൽ ലോക്കറിൽ നിന്നാണ് 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 65000 രൂപ, 2000 യുഎസ് ഡോളർ, 800 പൗണ്ട്, 40 പവൻ സ്വർണം തുടങ്ങിയവ കവർന്നത്.
വീട്ടുകാർ ഏതാനും മണിക്കൂർ സ്ഥലത്തില്ലെന്നും, ബാങ്ക് ലോക്കറിൽനിന്നു സ്വർണം എടുത്തിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ ശേഖരിച്ച മോഷ്ടാക്കളാണ് കവർച്ചയ്ക്കു പിന്നിലുള്ളത്. പ്രഫഷണൽ രീതിയിലാണ് മോഷണം നടത്തിയിരിക്കുന്നതെങ്കിലും ഇവരെ നിരന്തരം നിരീക്ഷിക്കാൻ പ്രദേശവാസികൾക്കേ കഴിയൂവെന്ന നിഗമനത്തിലാണ് പോലീസ്. പ്രഫഷണൽ രീതിയിൽ കവർച്ച നടത്തിയിട്ടുള്ള പ്രദേശവാസികളെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.