കൊച്ചി: നഗരത്തിലെ വജ്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് രണ്ടരക്കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ അന്വേഷണം മുംബൈയിലേക്ക്. കേസിലെ പ്രതി ബംഗളൂരു ആര്‍ത്തസിട്രിന്‍ വില്ലയില്‍ പ്രശാന്ത് നായരെ (28) ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ ് ചെയ്തിരുന്നു. ഇയാള്‍ തട്ടിയെടുത്ത വജ്രാഭരണങ്ങള്‍ മുംബൈയിലാണ് വിറ്റതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിക്കുന്നത്.
വജ്രവ്യാപാര സ്ഥാപനത്തില്‍നിന്ന് 99 ആഭരണങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. ഇവയില്‍ 48 എണ്ണമാണ് മുംബൈയില്‍ വിറ്റത്. ഇവ മുംബൈയില്‍ നിന്ന് കണ്ടെടുക്കേണ്ടതുണ്ടെന്ന് എറണാകുളം സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കര്‍ പറഞ്ഞു. കൂടാതെ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് (എഫ് എല്‍ എഫ് )വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. എഫ്എല്എഫ് ശൃംഖലയിലെ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കിവരികയായിരുന്ന പ്രതിയെ ഈ വര്‍ഷം ആദ്യം കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്ന് പ്രതി എറണാകുളത്തെ വജ്രവ്യാപാര സ്ഥാപനത്തിലെത്തി ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡിന്റെ പ്രീമിയം കസ്റ്റമേഴ്സിന് ഗിഫ്റ്റ് നല്കാന് എന്ന വ്യാജേനയാണ് വജ്രാഭരണങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയത്.
എഫ്എല്എഫിനിന്നും തട്ടിയെടുത്ത ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് കമ്പനി അധികൃതരുടെ കള്ള ഒപ്പിട്ട് വ്യാജ എംഒയു തയാറാക്കി വജ്രവ്യാപാര സ്ഥാപനത്തില്‍ നിന്നും 45 ദിവസത്തെ ക്രെഡിറ്റില്‍ 99 വജ്രാഭരണങ്ങള്‍ വാങ്ങുകയായിരുന്നു. തട്ടിപ്പിനായി കമ്പനിയുടെ പേരില്‍ വ്യാജ ഇമെയില്‍ ഐഡിയും സീലുകളും പ്രതി ഉണ്ടാക്കിയിരുന്നു. വ്യാജ മെയില്‍ നിന്നും വജ്രവ്യാപാര സ്ഥാപനത്തിന് പണം അയച്ചതായുള്ള വ്യാജ യുടിആര്‍ നമ്പറും മറ്റും പ്രതി നല്‍കിയിരുന്നു.
എന്നാല്‍, സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ പണം വരാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ സ്ഥാപന ഉടമ എഫ്എല്എഫുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് ഉടമ എറണാകുളം സെന്‍ട്രല്‍ പോലീസിന് പരാതി നല്കി.
പ്രതിയെക്കുറിച്ച് അന്വേഷിച്ചതില്‍ മൈസൂരിലെ ജ്വല്ലറിയിലും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇയാള്‍ ആരംഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിക്കുകയും അന്വേഷണസംഘം അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തട്ടിപ്പിലൂടെ കൈക്കലാക്കിയ വജ്രാഭരണങ്ങളില് ബാക്കിയുള്ളവ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അതിനുപുറമേ പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന വ്യാജ സീലുകളും ലെറ്റര്‍ ഹെഡ്ഡുകളും കംപ്യൂട്ടറും, വ്യാജ ഐഡി കാര്‍ഡും പോലീസ് പിടിച്ചെടുത്തു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതി ലക്ഷങ്ങള്‍ വിലവരുന്ന കാറും ബംഗളൂരുവില്‍ ഒരു ഫ്ളാറ്റും സ്വന്തമാക്കിയിരുന്നു.