വജ്രങ്ങൾക്കുവേണ്ടി ഇനി വിഷമിക്കേണ്ട. അതു ധാരാളമുണ്ട്. കുറഞ്ഞത് ആയിരം ലക്ഷംകോടി ടൺ (ഒരു ക്വാഡ്രില്യൺ ടൺ). ഭൂമിയിൽ 150 കിലോമീറ്റർ മുതൽ 240 കിലോമീറ്റർ വരെ ആഴത്തിലാണെന്നു മാത്രം. ഇതുവരെ മനുഷ്യൻ തുരന്നുചെന്നിട്ടില്ലാത്തത്ര ആഴത്തിൽ(മനുഷ്യൻ കുഴിച്ച ഏറ്റവും ആഴത്തിലുള്ള കുഴി റഷ്യയിലെ കോല ഉപദ്വീപിൽ 12.62 കിലോമീറ്റർ ആഴത്തിൽ ഉണ്ടാക്കിയ ബോർഹോൾ ആണ്).
ഭൂമിയുടെ പുറംതോടിനും താഴെ ഭൂഖണ്ഡങ്ങളുടെ പ്ലേറ്റുകൾക്കും താഴെയുള്ള ക്രേറ്റോണിക് വേരുകൾ എന്നറിയപ്പെടുന്ന പാറകളുണ്ട്. മല തിരിച്ചുവച്ചതുപോലുള്ള അവയ്ക്കുള്ളിലാണ് വജ്രങ്ങൾ.
ഭൂമിയുടെ അകക്കാന്പിലേക്ക് ഇറക്കുന്ന വേരുകൾപോലുള്ള ഈ പാറകളിൽ രണ്ടു ശതമാനം വജ്രങ്ങളാണെന്നു പല രാജ്യങ്ങളിൽനിന്നുള്ള ഗവേഷകരുടെ ഒരു സംഘം കണ്ടെത്തി. ശബ്ദതരംഗങ്ങളുടെ സഞ്ചാരം പരിശോധിച്ചാണു കണ്ടെത്തൽ. ക്രേറ്റോണിക് വേരുകളിൽ ശബ്ദം കൂടുതൽ വേഗം സഞ്ചരിച്ചതു സംബന്ധിച്ച അന്വേഷണമാണ് ഈ വജ്രനിധിയിലേക്കു നയിച്ചത്.
പക്ഷേ, ഇവിടെ എങ്ങനെ എത്തുമെന്നു മാത്രം അറിയില്ല. കോല ഉപദ്വീപിലെ കുഴി 12 കിലോമീറ്ററായപ്പോൾ ഊഷ്മാവ് 180 ഡിഗ്രി സെൽഷസ് ആയിരുന്നു. കുഴിക്കൽ ഉപകരണങ്ങൾ പ്രവർത്തനരഹിതമായി. അതിന്റെ പതിന്മടങ്ങിലേറെ ആഴത്തിൽ എങ്ങനെയെത്തും? അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ യൂണിവേഴ്സിറ്റികൾ ഗവേഷണത്തിൽ പങ്കാളികളായിരുന്നു.