വാകത്താനം: സഹപ്രവര്‍ത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29)യാണു വാകത്താനം പോലീസിന്റെ പിടിയിലായത്.വാകത്താനത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്ന ലേമാന് കിസ്ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
28നു വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ഇതു കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു.
26നു ജോലിക്ക് എത്തിയ യുവാവ് മിക്സര്‍ മെഷീനുള്ളില്‍ ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയും തുടര്‍ന്ന് മെഷീനുള്ളില്നിന്നു താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയില്‍ തള്ളുകയുമായിരുന്നു.
കമ്പനിയിലെ ഇലക്ട്രീഷ്യന് വര്‍ക്ക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ സംഭവസമയത്ത് സിസിടിവി ഇന്‍വെര്‍ട്ടര്‍ തകരാര്‍ ആണെന്നു പറഞ്ഞ് ഓഫ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.