വാ കത്താനം: മൂന്നര വയസുകാരൻ സനീഷ് താഴത്തെ വീടിന്റെ പരിസരങ്ങളിൽ തുള്ളിക്കളിച്ചോടുന്പോൾ അമ്മ സീമയുടെ ദാരുണമായ മരണം അവൻ അറിയുന്നില്ല. ഇടയ്ക്ക് അമ്മയെ അന്വേഷിക്കുന്നുണ്ടെങ്കിലും ബന്ധുക്കളുടെ ലാളനയിൽ അമ്മയുടെ അഭാവം സനീഷ് അറിയുന്നില്ല. കുസൃതികാട്ടി സനീഷ് ഓടിക്കളിക്കുന്പോൾ പിതാവ് സുരേഷിന്റെയും ബന്ധുക്കളുടേയും കണ്ണുകൾ ഈറനണിയുന്നു. വീടിന്റെ പൊട്ടിയ ജനാലച്ചില്ല് നെഞ്ചിൽ തുളച്ചുകയറി രക്തം വാർന്നൊഴുകിയാണ് വാകത്താനം താഴത്തെവീട്ടിൽ സീമ മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30നായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകുന്നേരം വീടു നിർമിച്ച കരാറുകാരൻ മാത്യു വീട്ടിലെത്തി വീടു നിർമിച്ച ഇനത്തിൽ ലഭിക്കുവാനുള്ള തുക സംബന്ധിച്ചു ചോദിച്ചു ബഹളം സൃഷ്ടിച്ചു. തുടർന്ന് മാത്യു വീടിന്റെ ജനാലച്ചില്ലുകൾ കൈകൊണ്ട് ഇടിച്ചുതകർത്തു.
കുസൃതിക്കാരനായ മൂന്നരവയസുകാരൻ സനീഷിന് ചില്ലുകൊണ്ട് പരിക്കേറ്റ് അപകടമുണ്ടാകാതിരിക്കാൻ അമ്മ സീമ ചില്ലുകൾ വാരി മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ജനാലയിൽ അവശേഷിച്ച ഒരു പാളി ചില്ല് സീമയുടെ നെഞ്ചിലേക്ക് വീണ് തുളച്ചുകയറിയത്. രക്തത്തിൽ കുളിച്ച സീമയെ കണ്ട് ഭർത്താവ് സുരേഷും മക്കളായ സൂരജും സൂര്യയും സനീഷും അലറി വിളിച്ചു. സമീപവാസികൾ ഓടിയെത്തി സീമയെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതിയ വീടുവച്ച് സുരേഷും കുടുംബവും കയറി താമസിച്ചത് ഒന്നര വർഷം മുന്പാണ്. പുതിയ വീട്ടിൽ ഏറെനാൾ ജീവിക്കും മുന്പ് സീമയെ വിധി തട്ടിയെടുക്കുകയായിരുന്നു.