
കോട്ടയം: ആംബുലൻസുകൾ കൂട്ടിയിടിച്ചശേഷം നിയന്ത്രണവിട്ട ആംബുലൻസ് ഇടിച്ചു റോഡ് സൈഡിൽ നിന്നിരുന്ന 12 വയസുകാരൻ മരിച്ചു.
വാകത്താനം പരിയാരം തേവാരുച്ചിറയിൽ റെജിയുടെ മകൻ റോഷൻ (12) ആണ് മരിച്ചത്. ഇന്നു രാവിലെ ഒന്പതിനു വാകത്താനം തേവാരുച്ചിറയിലായിരുന്നു അപകടമുണ്ടായത്.
പുതുപ്പള്ളി ഭാഗത്തു നിന്നു വരികയായിരുന്നു പാറാട്ട് ആശുപത്രിയുടെ ആംബുലൻസും എതിർദിശയിൽ നിന്നുമെത്തിയ വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസും തമ്മിലാണു കൂട്ടിയിടിച്ചത്.
ഇടിയൂടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു ആംബുലൻസ് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ പോസ്റ്റിനു സമീപത്തായി നിൽക്കുകയായിരുന്ന കുട്ടിയെ ആംബുലൻസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ വാകത്താനം പോലീസ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.