
വാകത്താനം: മഴുവിനു വെട്ടേറ്റു ഗൃഹനാഥൻ കൊല്ലപ്പെട്ടു. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറ വീട്ടിൽ ഒൗസേപ്പ് ചാക്കോ (കുഞ്ഞുഞ്ഞ് -78)യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ടു അയൽവാസിയായ കരിക്കണ്ടം മാത്തുക്കുട്ടി പോലീസ് കസ്റ്റഡിയിലാണ്. ഇന്നു രാവിലെ 8.30നാണ് സംഭവം. നാളുകളായി കുഞ്ഞുഞ്ഞും ഭാര്യ ഏലിയാമ്മയും തനിച്ചാണ് താമസിക്കുന്നത്.
ഇവരുടെ മക്കൾ ഡൽഹിയിലും വിദേശത്തുമാണ്. രോഗിയായ ഏലിയാമ്മയെ പരിചരിച്ചിരുന്നതും ഭക്ഷണം ഉൾപ്പെടെയുള്ളവ ഉണ്ടാക്കി നല്കിയിരുന്നതും കുഞ്ഞൂഞ്ഞാണ്.
ഇന്നു രാവിലെ സമീപവാസി ഇവരുടെ വീട്ടിലേക്കു വരുന്പോൾ കിണറിനു സമീപത്തായി കുഞ്ഞൂഞ്ഞിനെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
സമീപത്തു നിന്നും വെട്ടാൻ ഉപയോഗിച്ചു മഴുവും കണ്ടെത്തിയിട്ടുണ്ട്. തുടർന്നു ഇയാൾ സമീപവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
നാളുകളായി കുഞ്ഞുഞ്ഞും മാത്തുക്കുട്ടിയും തമ്മിൽ സ്ഥലത്തിന്റെ അതിരു തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. മാത്തുക്കുട്ടിയും ഭാര്യ പെണ്ണമ്മയും തനിച്ചായിരുന്നു താമസിച്ചിരുന്നത്.
കോവിഡ് കാലഘട്ടമായതിനാൽ സ്ഥലത്തേക്കു കൂടുതൽ ആളുകളെ പോലീസ് പ്രവേശിപ്പിക്കുന്നില്ല. വാകത്താനം എസ്എച്ച്ഒ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. പോലീസ് മാത്തുക്കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
കുഞ്ഞുഞ്ഞിന്റെ മക്കൾ: ഷാജി (ഡൽഹി), ഷാബു (യു.കെ.), ഷൈല (ഡൽഹി).