കൊൽക്കത്ത: വഖഫ് (ഭേദഗതി) നിയമത്തിനെതിരേ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ സുരക്ഷ ശക്തമാക്കി. മുർഷിദാബാദ് ജില്ലയിലെ ജംഗിപുരിൽ ഇന്നലെ നടന്ന പ്രകടനങ്ങൾ അക്രമാസക്തമാവുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്.
ജംഗിപുരിലെ സുതി, സംസർഗഞ്ച് പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വൻ പോലീസ് സന്നാഹമാണ് മേഖലയിൽ തന്പടിച്ചിട്ടുള്ളത്. സിലിഗുരിയിലുണ്ടായ പ്രതിഷേധത്തിലും വൻ നാശനഷ്ടങ്ങളുണ്ടായി. ആലിയ സർവകലാശാല വിദ്യാർഥികളും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
ജയ്പുരിൽ നിരവധി മുസ്ലിം സംഘടനകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു പ്രകടനങ്ങൾ. അതേസമയം, വഖഫിനെതിരേ പ്രതിപക്ഷ പ്രതിഷേധം വ്യാപകമാകുന്പോൾ 20 മുതൽ മേയ് അഞ്ചു വരെ ബിജെപിയുടെ നേതൃത്വത്തിൽ “വഖഫ് പരിഷ്കരണ ബോധവത്കരണ കാമ്പയിൻ’ ആരംഭിക്കുമെന്ന് ദേശീയനേതാക്കൾ പറഞ്ഞു.