കെ. ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാന പോലീസ് മാതൃകയില്‍ അഗ്നിശമനസേനയുടെ ആശയവിനിമയവും സ്വതന്ത്രമാകുന്നു.രക്ഷാദൗത്യങ്ങള്‍ക്കായി കൂടുതല്‍ വാക്കിടോക്കികള്‍ അനുവദിച്ചുകൊണ്ടാണ് സേനയുടെ ആശയവിനമയത്തിന് പൂര്‍ണമായും സ്വതന്ത്ര സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വെള്ളപ്പൊക്കത്തിലും തുടര്‍ന്നുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റു അത്യാഹിതങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയത്തിന് 300 വാക്കിടോക്കികള്‍ കൂടി അഗ്നിശമനസേന ഉടന്‍ വാങ്ങും.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് ഫയര്‍ആന്‍ഡ് റസ്ക്യൂ വിഭാഗം അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് രാഷ്ട്രദീപികയോട് പറഞ്ഞു.
ഓരോ ജില്ലയ്ക്കും മതിയായ രീതിയില്‍ ഇവ വിതരണം ചെയ്യാനാണു തീരുമാനം. നിലവില്‍ 100 വാക്കി ടോക്കികള്‍ മാത്രമായിരുന്നു സംസ്ഥാനത്തെ അഗ്നിശമനസേനകള്ക്കായുള്ളത്.
വാക്കിടോക്കികളില്ലാത്തതു രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഫയര്‍ഫോഴ്സ് സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍ന്നാണ് ദ്രുതഗതിയില്‍ വാക്കിടോക്കികള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
ആധുനികവത്കരണത്തിനും നവീകരണത്തിനുമായി ഈ സാമ്പത്തിക വര്‍ഷം മാത്രം 65 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. വാക്കിടോക്കികള്‍ക്ക് പുറമേ മറ്റു ഉപകരണങ്ങളും വാഹനങ്ങളും വാങ്ങാനുള്ള നടപടിയും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
14 ഫൈബര്‍ ബോട്ടുകളും 20 വാട്ടര്‍ ടാങ്കര്‍ ലോറികളും തീയണയ്ക്കുന്നതിനുള്ള ചെറിയ 250 ഹാന്‍ഡ് കണ്ട്രോള്ഡ് മള്‍ട്ടി പര്‍പ്പസ് നോസിലും അനുവദിച്ചു.
വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് 100 സ്കൂബാസെറ്റും ഡ്രൈവിംഗ് സ്യൂട്ടും അനുവദിച്ചു. 1,060 ഫയര്‍ ഫൈറ്റിംഗ് സ്യൂട്ടും 4,500 റെയിന്‍കോട്ടുകളും ഉടന്‍ വാങ്ങും.