കെ.ഭരത്
കോഴിക്കോട്: മീസിൽസ് റുബെല്ല വാക്സിനേഷൻ കാന്പയിൻ ഇന്ന് അവസാനിക്കുന്പോൾ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിയാതെ അധികൃതർ കുഴങ്ങുന്നു. നവംബർ 16 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 78.6 ശതമാനം വിദ്യാർഥികൾക്കാണ് വാക്സിനേഷൻ നൽകിയിട്ടുള്ളത്. ഒന്പത് മാസം മുതൽ 15 വയസുവരെയുള്ള 20 ശതമാനം കുട്ടികൾക്ക് ഇനിയും പ്രതിരോധ വാക്സിൻ നൽകിട്ടില്ല എന്നത് കേരളത്തിന്റെ ആരോഗ്യമേഖലയെ ബാധിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.
ഒക്ടോബർ മൂന്ന് മുതൽ നവംബർ മൂന്ന് വരെ നീണ്ടു നിൽക്കുന്ന ഒരു മാസത്തെ ക്യാന്പായിരുന്ന ആരോഗ്യവിഭാഗം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ചില ജില്ലകളിൽ 50 ശതമാനം വിദ്യാർഥികളിൽ പോലും മരുന്ന് എത്താത്തതിനെ തുടർന്ന് 18 വരെ ക്യാന്പ് നീട്ടുകയായിരുന്നു. നിലവിൽ സംസ്ഥാനത്തെ നാല് ജില്ലകൾ മാത്രമാണ് 90 ശതമാനത്തിന് മുകളിൽ വാക്സിനേഷൻ എടുത്തിട്ടുള്ളത്.
55.54 ശതമാനം വിദ്യാർഥികൾ മാത്രം വാക്സിനേഷൻ എടുത്ത മലപ്പുറം ജില്ലയാണ് ഏറ്റവും പിറകിൽ. കോഴിക്കോട് ജില്ലയിൽ 73.15 ശതമാനം വിദ്യാർഥികൾ വാക്സിനേഷന് വിധേയരായി. തിരുവനന്തപുരം 88.35, കൊല്ലം 86.24, പത്തനംതിട്ട 96.79, ആലപ്പുഴ 96.33, കോട്ടയം 93.24, ഇടുക്കി, 95.43, എറണാകുളം 83.93, തൃശൂർ 81.23, പാലക്കാട് 2.11, വയനാട് 85. 27, കണ്ണൂർ 78.23, കാസർകോട് 77.46 എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കണക്ക്.
ക്യാന്പ് ഇന്നത്തോടെ അവസാനിച്ചാലും ഹെൽത്ത് സെന്ററുകളിലും നിലവിൽ വാക്സിനേഷൻ നൽകിയിരുന്ന സ്വകാര്യ ആശുപത്രികളിലും റൂബലാ വാക്സിനേഷൻ നൽകാം എന്ന കാഴ്ചപാടിലാണ് അധികൃതർ. പോളിയോ വാക്സിനേഷൻ ക്യാന്പുകളിലും ഒന്പതാം മാസത്തിൽ കുട്ടികൾക്ക് നൽകിവരുനന മീസിൽസ് വാക്സിനീഷനോടൊപ്പം റൂബെല്ല വാക്സിനേഷനും നൽകാനാണ് നിലവിൽ ആരോഗ്യവകുപ്പിൻറെ തീരുമാനം. ഇന്ന് ക്യാന്പ് ആവസാനിച്ച ശേഷം നടക്കുന്ന അവലോകനയോഗത്തിൽ തുടർ നടപടികൾചർച്ചയാകും.
ഡോക്ടർമാരുടെ നേതൃത്വത്തിൽ അധ്യാപകരുടെ സഹകരണത്തോടെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് വാക്സിനേഷൻ കാന്പയിൻ നടത്തിയത്. കുട്ടികളിൽ വയറിളക്കം, ന്യൂമോണിയ, മസ്തിഷ്ക്കവീക്കം എന്നിവ മൂലം മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസിൽസ് (അഞ്ചാംപനി). ഗർഭിണിയായ സ്ത്രീകൾക്ക് റൂബല്ല (ജർമൻ മീസിൽസ്) രോഗം ബാധിക്കുന്നത് കാരണം ഗർഭസ്ഥ ശിശുക്കൾക്ക് ബധിരത, ബുദ്ധിമാന്ദ്യം, ഹൃദയവൈകല്യം എന്നിവ ബാധിക്കാറുണ്ട്. കുട്ടികൾക്ക് ഘട്ടം ഘട്ടമായി എംആർ വാക്സിൻ നൽകി സംസ്ഥാനത്ത് ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുകയാണ് ക്യാന്പയിൻ ലക്ഷ്യമിടുന്നത്.2020 ഓടെ രാജ്യത്ത് മീസിൽസ് നിർമാർജനം ചെയ്യുക എന്ന വാക്സിൻ പദ്ധതിയുടെ ലക്ഷ്യം.