കടുത്തുരുത്തി: സിഗ്നല്‍ തകരാര്‍ മൂലം ട്രെയിന്‍ വരുന്നതറിഞ്ഞില്ല. തുറന്നിട്ട ഗേറ്റിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ ട്രെയിനെത്തി.
ബൈക്കിലെത്തിയ വീട്ടമ്മയും ഭര്‍ത്താവും ട്രെയിന്‍ വരുന്നത് കണ്ട് ചാടിയിറങ്ങി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടുത്തുരുത്തി വാലാച്ചിറ റെയില്‍വേ ഗേറ്റില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.
ആയാംകുടി പാറയില്‍ വീട്ടില്‍ നിഷ (35) യും ഭര്‍ത്താവ് സുഭാഷുമാണ് വലിയൊരു ദുരന്തത്തില്‍ നിന്നും നാടിനെ രക്ഷിച്ചത്.
രാവിലെ ഭര്‍ത്താവിനൊപ്പം മുട്ടുചിറയില്‍ ജോലിക്കായി പോകുമ്പോഴാണ് സംഭവമെന്ന് നിഷ പറഞ്ഞു.
ഗേറ്റിലൂടെ ബൈക്കില്‍ കടന്നു പോകുമ്പോള്‍ വെറുതെ ട്രെയിന്‍ വരുന്നുണ്ടോയെന്ന് നോക്കിയപ്പോഴാണ് ദൂരെ നിന്നും ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് ബൈക്ക് മാറ്റി നിര്‍ത്തിയ ശേഷം ഓടി വന്നു ഈ സമയം നിറയെ യാത്രക്കാരുമായി കടുത്തുരുത്തിയില്‍ നിന്നും കല്ലറ വഴി കോട്ടയത്തേക്കു പോവുകയായിരുന്ന ആലഞ്ചേരി ബസിന് മുന്നില്‍ കേറി നിന്നു ബസ് തടഞ്ഞിടുകയായിരുന്നുവെന്ന് നിഷ പറഞ്ഞു.
തുടര്‍ന്ന് ഈ സമയം ഇതുവഴിയെത്തിയ കാറും ഓട്ടോറിക്ഷയുമെല്ലാം നിഷയും സുഭാഷും ചേര്‍ന്നു തടഞ്ഞു നിര്‍ത്തി.
പിന്നീട് മറ്റുള്ളവരുടെ സഹായത്തോടെ മറുഭാഗത്തു നിന്നുമെത്തിയ വാഹനങ്ങളും തടഞ്ഞിട്ടു. ഇതിനിടെ റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനുമെത്തി ഗേറ്റി അടയ്കക്കുകയായിരുന്നു.
ഗേറ്റ് അടച്ചുയടന് ട്രെയിന്‍ ഇതുവഴി കടന്നു പോയി. എന്നാല്‍ സംഭവം സംബന്ധിച്ചു വിശദീകരണം നല്കാന് റെയില്‍വേയുടെ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
വിവരമറിഞ്ഞ് കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിഷയുടെ അടുത്തെത്തി അഭിനന്ദനമറിയിച്ചു.