മൂവാറ്റുപുഴ: വാളകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് മരുന്നു വിതരണം മുടങ്ങുന്നത് പതിവാകുന്നു. ഫാർമസിസ്റ്റ് അവധിയാണെന്ന കാരണത്താൽ രോഗികൾക്ക് സ്വകാര്യ മെഡിക്കൽ ഷോപ്പിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ബദൽ സംവിധാനം ഏർപ്പെടുത്താതെയുള്ള നടപടി മനുഷ്യത്വ രഹിതമെന്ന് കോണ്ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ പറഞ്ഞു.
ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലാണ് മരുന്നു വിതരണം മുടങ്ങിയത്. ഫാർമസിസ്റ്റ് മാത്രമേ മരുന്ന് നൽകാവൂ എന്ന് അടുത്തിടെ ഹൈകോടതി നിർദേശിച്ചിരുന്നു. ഫാർമസിസ്റ്റിനെ കൂടാതെ മൂന്ന് ഡോക്ടർമാരും സ്റ്റാഫ് നേഴ്സുമാരുമുള്ള ആശുപത്രിയിലാണ് മരുന്ന് വിതരണം മുടങ്ങിയത്.
ഒരു ഫാർമസിസ്റ്റിനെ കൂടി നിയമിക്കണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
എന്നാൽ നടപടി സ്വീകരിക്കാൻ പഞ്ചായത്തിനോ ആരോഗ്യ വകുപ്പിനോ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മരുന്നിന് രോഗികൾ എത്തിയപ്പോൾ ഫാർമസി അടച്ചിട്ട് ബോർഡ് സ്ഥാപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഇല്ലാത്ത ദിവസങ്ങളിൽ മരുന്ന് വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നായിരുന്നു മെഡിക്കൽ ഓഫീസറുടെ പേരിൽ പ്രദർശിപ്പിച്ച ബോർഡിലുള്ളത്.
പഞ്ചായത്തിന്റെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന് ആരോപിച്ച് യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് എബി പെങ്ങേണത്ത്, ഐഎൻടിയുസി വാളകം മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലിൽ, സെക്രട്ടറി ഫിലോ കെ. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വാളകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഫാർമസിസ്റ്റ് അവധിയായിരിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു പറഞ്ഞു.