തിരുവല്ല: വേങ്ങൽ പാടശേഖരത്ത് നെല്ലിനു മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു പേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ച സനൽകുമാറിന്റെയും മത്തായി ഈശോയുടെയും വീടുകൾ ഇന്നു രാവിലെ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയിലുള്ളവർക്കും സർക്കാർ സഹായം നൽകണമെന്നും രമേശ് ആവശ്യപ്പെട്ടു. മരുന്ന് ഉപയോഗത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കൃഷിവകുപ്പ് അധികൃതർ തന്നെ പറയുന്നു. സംഭവസ്ഥലം സന്ദർശിക്കണമെന്ന് കൃഷിമന്ത്രിയോടു താൻ ആവശ്യപ്പെട്ടതായും അദ്ദേഹം 24നു സ്ഥലത്തെത്തുമെന്ന് അറിയിച്ചതായും രമേശ് പറഞ്ഞു.
കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും മരുന്ന്, വളംപ്രയോഗത്തിൽ സാങ്കേതികജ്ഞാനം നൽകാനും ഉപദേശം നൽകാനും ബന്ധപ്പെട്ട സമിതികൾക്കു കഴിയണമെന്നും രമേശ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ഡിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ രമേശിനോടൊപ്പം ഉണ്ടായിരുന്നു.