സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് അധികം വൈകാതെ സൗജന്യമായി വളവും കിട്ടും. ആശുപത്രിയിലെ ഖരമാലിന്യങ്ങൾ വളം ആക്കുന്ന സംവിധാനം സജ്ജമായതോടെയാണ് അധികം വൈകാതെ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി സൗജന്യമായി വിതരണം ചെയ്യാനുള്ള സൗകര്യം ഒരുങ്ങിയത്.അന്പതു ലക്ഷം രൂപ ചിലവഴിച്ചാണ് ഖരമാലിന്യ സംസ്കരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
അഞ്ച് കുടുംബശ്രീ പ്രവർത്തകരെയും മാലിന്യശേഖരണത്തിനും സംസ്കരണ പ്രവർത്തനങ്ങൾക്കുമായി നിയോഗിച്ചിട്ടുണ്ട്. മാലിന്യങ്ങൾ സംസ്കരിച്ചുണ്ടാക്കുന്ന വളം കാർഷികാവശ്യങ്ങൾക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഖരമാലിന്യങ്ങൾ ആശുപത്രിയിൽ കുന്നുകൂടിക്കിടന്നിരുന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇവ കുഴി കുത്തി മൂടുകയായിരുന്നു പതിവ്. ദിവസേന ആയിരം കിലോയിലധികം മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട്.
കാന്പസിന്റെ വിവിധ ഭാഗങ്ങളിൽ ഇവ കുന്നുകൂട്ടിയിടുകയായിരുന്നു ചെയ്തിരുന്നത്. വലിയ കുഴികൾ കുഴിച്ച് അതിലേക്ക് നിക്ഷേപിക്കുകയും അവ നിറയുന്പോൾ കുഴി മൂടി പുതിയ കുഴി കുഴിച്ച് അതിലേക്ക് തട്ടുകയുമായിരുന്നു ചെയ്തിരുന്നത്. കാന്പസിൽ പുതിയ കുഴികൾ കുത്താൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു.
അതിനിടെ മഴക്കാലത്ത് മാലിന്യം മുഴുവൻ മഴക്കാലത്ത് ഒലിച്ച് സമീപ പ്രദേശങ്ങളിലേക്ക് എത്തുന്നത് നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇടയ്ക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് രോഗികളടക്കമുള്ളവർക്ക് അസ്വസ്ഥതകളുണ്ടാക്കിയിരുന്നു. ഖരമാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാത്തതിനെ ചൊല്ലി നിരന്തര പരാതികൾ ഉയർന്നിരുന്നു.
ഇതെത്തുടർന്നാണ് ഇപ്പോൾ സംസ്കരണപ്ലാന്റ് സ്ഥാപിച്ച് മാലിന്യത്തെ വളമാക്കി മാറ്റുന്ന സംവിധാനമൊരുക്കിയത്.
കേരളത്തിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ ഇൻസിനറേറ്റർ ഇല്ലാത്ത ഏക സർക്കാർ ആശുപത്രിയാണ് തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി. ഇൻസിനറേറ്റർ ഇല്ലെങ്കിലും പുതിയ സംവിധാനത്തോടെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.