നെടുങ്കണ്ടം: ജില്ലയിലേക്ക് അതിർത്തികടന്ന് വൻതോതിൽ നിരോധിത കീടനാശിനികൾ എത്തുന്നതായും സബ്സിഡി ഇനത്തിൽ ലഭിക്കേണ്ട വളം കർഷകർക്കുനൽകാതെ വൻകിട കച്ചവടക്കാർക്ക് മറിച്ചുവിൽക്കുന്നതായും കണ്ടെത്തിയതായി എറണാകുളം അഗ്രികൾച്ചറൽ വിഭാഗം ഡെപ്യുട്ടി ഡയറക്ടർ സിബി ജോസഫ് പറഞ്ഞു. വളംവിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സൊസൈറ്റികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കേരള സർക്കാർ നിയോഗിച്ച പ്രത്യേക സ്ക്വാഡ് ജില്ലയിൽ നടത്തുന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.
നിരോധിത കീടനാശിനികളായ ഫോർ എയ്റ്റ്, ഫ്യുറിഡാൻ, എൻഡോസൾഫാൻ എന്നിവയാണ് അതിർത്തികടന്ന് എത്തുന്നവയിൽ അധികവും. വിപണിയിൽ 26 രൂപ വിലവരുന്ന യൂറിയ വളം സബ്സിഡി നിരക്കിൽ ആറുരൂപയ്ക്കാണ് സർക്കാർ കർഷകർക്കു നൽകുന്നത്. ഇങ്ങനെ എത്തിക്കുന്ന വളങ്ങൾ കർഷകർക്കുനൽകാതെ വൻ കന്പനികൾക്ക് മുഴുവാനായി മറിച്ചുനൽകുന്ന രീതിയാണ് ജില്ലയിൽ പലയിടങ്ങളിലും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ഇവർ സ്റ്റോക്കുകൾ പിഒഎസ് മെഷീനിൽ കാണിക്കുകയും അതിൽനിന്ന് കർഷകർക്ക് നൽകുകയുമാണ് ചെയ്യേണ്ടത്. ലാഭം നേരിട്ട് കർഷകരിൽ എത്തിക്കുന്നതിനാണ് പിഒഎസ് മെഷീൻ കൃഷിവകുപ്പ് കടക്കാർക്ക് നൽകിയിരിക്കുന്നത്.
എന്നാൽ പലയിടങ്ങളിലും ഇതിൽ സ്റ്റോക്ക് കാണിച്ചിട്ടില്ല. പിഒഎസിൽ കാണിച്ചിരിക്കുന്ന സ്റ്റോക്ക് പല സ്ഥാപനങ്ങളിൽ ഇല്ലാത്തതും പരിശോധനയിൽ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വളം വിൽപന, പോയിന്റ് ഓഫ് സെയിൽ മെഷീൻ(പിഒഎസ്) എന്നിവ പരിശോധിക്കുന്നതിനായി കേരള സർക്കാരിന്റെ കാർഷിക വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡാണ് ജില്ലയിൽ എത്തിയിരിക്കുന്നത്.
എറണാകുളം അഗ്രികൾച്ചറൽ ഡപ്യൂട്ടി ഡയറക്ടർ സിബി ജോസഫ്, തൃശൂർ അഗ്രികൾച്ചർ ക്വാളിറ്റി കണ്ട്രോൾ അസിസ്റ്റന്റ് ഡയറക്ടർ ഷാജൻ മാത്യു എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടക്കുന്നത്. അനധികൃത കീടനാശിനികൾ പിടികൂടിയ ഇടങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പോയിന്റ് ഓഫ് സെയിൽ മെഷീനിലെ സ്റ്റോക്കുമായി വ്യത്യാസം കണ്ടിട്ടുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും സിബി ജോസഫ് പറഞ്ഞു.