മഞ്ചേരി: വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന വളാഞ്ചേരി നഗരസഭ കൗണ്‍സിലറെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി പോക്സോ സ്പെഷൽ കോടതിയുടെ ചാർജുള്ള ജില്ലാ സെഷൻസ് ജഡ്ജി സുരേഷ് കുമാർ പോൾ പോലീസിനു നിർദേശം നൽകി.
കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭയിൽ 32ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗണ്‍സിലറുമായ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദീന്റെ ഹർജിയിലാണ് ഉത്തരവ്. ഷംസുദീൻ ജില്ലാ പോക്സോ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനു ജഡ്ജി എ.വി നാരായണൻ തള്ളിയിരുന്നു. ഇതിനെ തുടർന്നു ഷംസുദീൻ മേൽക്കോടതിയെ സമീപിച്ചുവെങ്കിലും കീഴ്ക്കോടതിയിൽ വീണ്ടും അപേക്ഷ സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി പോക്സോ സ്പെഷൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതു വരെ അറസ്റ്റ് വിലക്കുകയായിരുന്നു.
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.