വലപ്പാട്: ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ടവർക്കു രക്ഷകരായെത്തിയ മൂവർസംഘത്തിന്റെ പ്രവർത്തനം പ്രശംസനീയം. വലപ്പാട് ഗവ. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായിരുന്ന പോൾ വലപ്പാട്, തൃപ്രയാർ സുരക്ഷ ഡ്രൈവർ ഡിക്സൻ, സമീപവാസിയായ എ.എം. ഹുസൈനുമാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത്. തൊട്ടുപിന്നാലെ വലപ്പാട് പോലീസും ഇരിങ്ങാലക്കുട ഫയർഫോഴ്സും എത്തി.
പുലർച്ചെ ഒരു രോഗിയെ സ്വന്തം ഓട്ടോയിൽ വലപ്പാട്ടേക്കു കൊണ്ടുപോകുകയായിരുന്നു പോൾ. ബസ് നിർത്തിയിട്ടിരിക്കുകയാണെന്നാണ് ആദ്യം കരുതിയത്. അപ്പോഴാണു ബസിൽനിന്ന് സ്ത്രീകളുടെ കരച്ചിൽകേട്ടത്. ഉടൻ ഓട്ടോ നിർത്തി പോൾ ഓടിവരുകയായിരുന്നു. എന്നാൽ ബസിന്റെ എയർഡോർ തുറക്കാനായില്ല. പിന്നീട് ഡിക്സനേയും സമീപത്തെ ഹുസൈനേയും വിളിച്ചുവരുത്തി. ബസിനുള്ളിൽനിന്നുള്ള യാത്രക്കാരുടെയും സഹായത്തോടെ ബസിന്റെ ഡോർ തുറക്കുകയായിരുന്നു.
ബസിനുള്ളിൽ കയറിയപ്പോൾ ആദ്യം ഡ്രൈവറെ സീറ്റിൽനിന്നു പുറത്തിറക്കിയെങ്കിലും കുഴഞ്ഞുവീണു. ഉടനെ തൃപ്രയാർ സുരക്ഷയുടെ ആംബുലൻസിൽ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ബസിലെ സീറ്റുകളെല്ലാം ഇളകിത്തെറിച്ച നിലയിലായിരുന്നു. സീറ്റിനുള്ളിൽ കുരുങ്ങിക്കിടന്നിരുന്നവരെയും പുറത്തെടുത്തു. ലോറി ക്ലീനർ വന്നു പറഞ്ഞപ്പോഴാണു ലോറി ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അറിഞ്ഞത്. അപ്പോഴേക്കും പോലീസെത്തി. ഇരിങ്ങാലക്കുട ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. ആക്ട്സിന്റെ വാടാനപ്പള്ളി, തൃപ്രയാർ, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിലെ ആംബുലൻസുകൾ, തൃപ്രയാർ സുരക്ഷ, സേവ് ആൻഡ് സ്ക്വയർ ആംബുലൻസുകളിലാണു പരിക്കേറ്റവരെ തൃശൂർ വെസ്റ്റ് ഫോർട്ട് ഹൈടെക്, ആശ്വനി ആശുപത്രികളിലെത്തിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. 24 പേർക്കു പരിക്കറ്റു.
അപകടമൊഴിവാക്കാൻ പ്രകാശിപ്പിച്ച ടോർച്ച് മരണത്തിലും കൈവിടാതെ ലോറി ഡ്രൈവർ ചന്ദ്രശേഖരൻ
വലപ്പാട്: അപകടമൊഴിവാക്കാൻ ബസ് ഡൈ്രവർക്കു മുന്നറിയിപ്പു നല്കാനായി തെളിച്ചുപിടിച്ച ടോർച്ച് ലോറി ഡ്രൈവർ ചന്ദ്രശേഖരൻ മരണത്തിലും കൈവിട്ടില്ല. ചന്ദ്രശേഖരൻ ഡ്രൈവർ സീറ്റിലിരുന്ന് ഒരുകൈ കൊണ്ട് ടോർച്ച് പുറത്തേക്ക് തെളിയിച്ചു പിടിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ബസ് വന്നിടിച്ചതിന്റെ ആഘാതത്തിൽ ലോറിയുടെ മുൻവശവും സ്റ്റിയറിംഗുമെല്ലാം ചന്ദ്രശേഖരന്റെ ദേഹത്ത് അമരുകയായിരുന്നു. ഇരിങ്ങാലക്കുടിയിൽനിന്ന് വന്ന ഫയർഫോഴ്സ് മൂന്നു മണിക്കൂറോളം ഏറെ പണിപ്പെട്ട് വെളുപ്പിന് അഞ്ചരയോടെ ചന്ദ്രശേഖരനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയി മോർച്ചയിൽ.