സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: ഒരു കാലത്ത് മലഞ്ചരക്ക് വ്യാപാരത്തിന്റെ നാടായ വളപട്ടണം ലോറികളുടെ നഗരം കൂടിയായിരുന്നു.ജില്ലക്ക് അകത്തും പുറത്തും ഇടതടവില്ലാതെ സർവ്വീസുകൾ നടത്തി ടോപ്പ് ഗിയറിൽ പറന്ന ലോറി വ്യവസായം ഇന്ന് തകർച്ച നേരിടുകയാണ്.150ലധികം ലോറികൾ സർവ്വീസു നടത്തിയ സ്ഥാനത്ത് 110 ലോറികൾ മാത്രമായി ചുരുങ്ങി.
ഗുഡ്സ് ട്രയിനുകളിൽ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിവിധ കന്പനികളുടെ സിമന്റുകൾ ലോറികളിൽ കയറ്റി ഓർഡർ നൽകിയ ഏജൻസികൾക്കും കടകളിലേക്കും എത്തിച്ചു നൽകുന്നത് വളപട്ടണത്തിലെ ലോറികളിലാണ്. ഇവിടെയുള്ള ഭൂരിഭാഗം ലോറികളുടെയും ഉടമകൾ തന്നെയാണ് ഡ്രൈവർമാരായി ജോലി ചെയ്യുന്നത്. എന്നാൽ വർഷംന്തോറും വർധിച്ചുവരുന്ന നികുതികൾ,ഇൻഷുറൻസ് പ്രീമിയം എന്നിവ കാരണം ലോറി വ്യവസായം വൻ പ്രതിസന്ധി നേരിടുകയാണ്.
ജിപിഎസും ഇൻഷുറൻസും
ലോറികളുടെ ഇൻഷുറൻസ് തുകയിലുണ്ടായ ഭീമമായ വർധനവ് പ്രതിസന്ധിക്ക് ആക്കം കൂട്ടി.7500 രൂപയിൽ നിന്നും 14000 രൂപയായും കഴിഞ്ഞ വർഷം 20000 രൂപയും പിന്നീട് 35800 രൂപയുമായി തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചു.
ഇതു കൂടാതെ വിവിധ നികുതികളും ഒന്നിനു പുറകെയായി വന്നുകൊണ്ടിരുന്നു. വർഷത്തിലുള്ള അറ്റകുറ്റപ്പണികൾ, പെയിന്റിങ്ങ്, ഫിറ്റ്നസ്, ഇന്ധനം, ടയർ എന്നിവയ്ക്ക് വെറെയും പണം കണ്ടെത്തണം. ഇതിനിടയിലാണ് ജിപിഎസ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കം. വാഹന ഉടമകളുമായോ തൊഴിലാളി സംഘടനകളുമായോ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി സ്പീഡ് ഗവർണണറും ജിപിഎസും അടിച്ചേൽപിക്കുന്നത് ലോറി വ്യവസായത്തെ കാര്യമായി ബാധിച്ചെന്ന് ഉടമകൾ പറയുന്നു.
ഓട്ടം കുറഞ്ഞു
പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷം മുന്പ് വരെ ലോറികൾക്ക് കൂടുതൽ ഓട്ടം കിട്ടി കൊണ്ടിരുന്നു. വളപട്ടണം റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രയിനുകളിൽ എത്തുന്ന വിവിധ കന്പനികളുടെ സിമന്റുകൾ കൂടുതൽ ഏജന്റുമാരിലേക്കും കടകളിലും എത്തിക്കാൻ സാധിച്ചിരുന്നു.
എന്നാൽ ഇന്ന് ഓട്ടം കുറഞ്ഞു.നിലവിൽ മാസത്തിൽ പതിനഞ്ചോ പതിനാറോ പണി മാത്രമാണ് ലഭിക്കുന്നത്.മാത്രമല്ല ചെറിയ ലോറികൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതും ലോറികൾക്ക് തിരിച്ചടിയായി.ഇത്തരം വാഹനങ്ങൾക്ക് കുറഞ്ഞ നികുതിയും ഇൻഷുറൻസും മാത്രം നൽകിയാൽ മതിയെന്നതും വാടക കുറയാൻ കാരണമായി.
വളപട്ടണത്തെ ഓട്ടം കുറഞ്ഞ പഴയ 20 ഓളം ലോറികൾ കഴിഞ്ഞ വർഷം പൊളിച്ചുമാറ്റി.പഴയ പ്രതാപ കാലത്തേക്ക് ലോറി വ്യവസായം കുതിച്ചുപായുമെന്ന വിശ്വാസത്തിലാണ് ലോറിയുടമകൾ.