വളപട്ടണം: വർഷങ്ങളായി റോഡരികിൽ തലങ്ങും വിലങ്ങും ഇട്ട് നശിച്ച് വളപട്ടണം സ്റ്റേഷനിൽ വിവിധ കേസുകളിൽപ്പെട്ട 200 വാഹനങ്ങളാണ് ക്വട്ടേഷൻ നൽകി പൊളിച്ചുനീക്കിയത്.
കേസുകളിൽപ്പെട്ട വാഹന ഉടമകൾക്ക് പോലീസ് നോട്ടീസ് നൽകിയെങ്കിലും ഉടമകൾ എത്താത്തതിനെ തുടർന്നുള്ള വാഹനങ്ങളാണ് പൊളിച്ചുനീക്കിയത്. വാഹനം ഉടമകൾക്ക് തിരിച്ചുലഭിക്കണമെങ്കിൽ വലിയ പിഴ അടയ്ക്കേണ്ടിവരും.
ഇതുകാരണമാണ് പലരും വാഹനം ഉപേക്ഷിച്ചത്. 2010 മുതലുള്ള വാഹനങ്ങളാണ് പൊളിച്ചുമാറ്റിത്തുടങ്ങിയത്. പഴയ വാഹനങ്ങൾ വിറ്റ വകയിൽ 27 ലക്ഷം രൂപയാണ് സർക്കാരിലേക്ക് എത്തിയത്.
പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കന്പനിക്കാണ് ക്വട്ടേഷൻ നൽകിയത്. വളപട്ടണം പോലീസ് ഓൺലൈനിൽ നടത്തിയ ടെണ്ടറിൽ ഏറ്റവും കൂടിയ നിരക്ക് നൽകിയത് പാലക്കാട്ടെ സ്ക്രാപ് കന്പനിയാണ്.
കൂടിയ വില ലഭിച്ചതു കാരണം ഈ ടെണ്ടർ പോലീസ് ഉറപ്പിക്കുകയായിരുന്നു. പഴയ ബസുകൾ, ലോറികൾ, മിനി ലോറികൾ, ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ ഉൾപ്പെടെയുള്ള 200 വാഹനങ്ങളാണ് പൊളിച്ചുനീക്കിയത്.
പാലക്കാട്ടെ സ്ക്രാപ് കന്പനിയിൽ നിന്നെത്തിയ പത്തോളം തൊഴിലാളികൾ ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് വാഹനങ്ങൾ പൊളിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായിട്ടാണ് പൊളിക്കൽ നടക്കുന്നത്.
പൊളിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതോടെ വളപട്ടണം പോലീസ് പരിസരവും വളപട്ടണം മന്ന മുത്തപ്പൻ ക്ഷേത്രം മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള റോഡിനിരുവശങ്ങളുമുള്ള സ്ഥലങ്ങൾ വൃത്തിയാകും.
അഴീക്കൽ പോർട്ടിലേക്കും വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഉൾപ്പെടെയുള്ള വൻകിട വ്യവസായ ശാലകളിലേക്കും ഇതുവഴിയാണ് ചരക്കുഗതാഗതം നടത്തുന്നത്. വർഷങ്ങളായി ഇവിടെ പഴയ വാഹനങ്ങൾ നിർത്തിയിട്ടകാരണം ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു.