കോട്ടയം: മഴ ശക്തമായതോടെ ആറിലും പുഴയിലും മീൻപിടിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. വലവീശാനെത്തുന്നവർക്ക് കിട്ടുന്നതാവട്ടെ അടുത്ത കാലത്ത് നദികളിൽ നിക്ഷേപിച്ച രോഹു, കട്ല, കരിമീൻ തുടങ്ങിയ ഇനങ്ങൾ. ലക്ഷക്കണക്കിനു മീൻകുഞ്ഞുങ്ങളെയാണ് സമീപവർഷങ്ങളിൽ മീനച്ചിൽ, മണിമല ആറുകളിൽ നിക്ഷേപിച്ചത്. രോഹുവും കട്ലയും സൈപ്രിനസും എണ്ണത്തിൽ പെരുകിയപ്പോൾ നാട്ടുമീനുകളുടെ വംശം മുറിയുകയാണ്.
കുളങ്ങളിലും പാടങ്ങളിലും കൃത്രിമ തീറ്റനൽകി വളർത്തിയിരുന്ന രോഹു, കട്ല ഇനങ്ങളേക്കാൾ രുചികരമായ നാട്ടുമീനുകളുടെ വംശനാശം കടുത്ത ആശങ്ക ഉയർത്തുകയാണ്. മുഷി, ആരോൻ, കല്ലേൽമുട്ടി, കുറുവ, കൂരൽ തുടങ്ങിയ ഇനങ്ങൾക്കാണ് ഏറ്റവും കുറവുണ്ടായതായി മഴക്കാലത്തെ വലവീശുകാർ പറയുന്നത്. വേന്പനാട്ടു കായലിൽ സമൃദ്ധമായിരുന്ന കരിമീനുകൾ നദിയിൽ നന്നായി വളരുന്നുണ്ട്.
അര കിലോയോളം തൂക്കമുള്ള കരിമീനുകൾവരെ കോട്ടയം, കിടങ്ങൂർ, താഴത്തങ്ങാടി, നട്ടാശേരി എന്നിവിടങ്ങളിൽ വലക്കാർക്ക് കിട്ടിയിട്ടുമുണ്ട്. പുഴകളിൽനിന്നും ഈ മീനുകൾ തോടുകളിലൂടെ പാടങ്ങളിലേക്കു കയറിത്തുടങ്ങിയിട്ടുണ്ട്. കോട്ടയം വട്ടമൂട്, താഴത്തങ്ങാടി എന്നിവിടങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ ആറു ലക്ഷം മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
പരൽ, പുല്ലൻ, കുറുവ തുടങ്ങിയ നാട്ടുമീൻ കുഞ്ഞുങ്ങളെക്കൂടി നിക്ഷേപിക്കാതെ വന്നാൽ പരന്പരാഗത മത്സ്യങ്ങൾ പുഴയിൽ ഇല്ലാതാകും. മലന്പുഴ, തിരുവനന്തപുരം സർക്കാർ ഹാച്ചറികളിൽനിന്നാണ് എല്ലാ വർഷവും വളർത്തു മത്സ്യങ്ങളെ വിവിധ പുഴകളിൽ നിക്ഷേപിക്കാറുള്ളത്.