സ്വന്തം ലേഖകന്‍
കണ്ണൂര്‍: മക്കളുടെ ദുരൂഹമരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൽസരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി കുഞ്ഞുടുപ്പ്.
ഫ്രോക്ക് എന്ന ചിഹ്നമാണ് തെരഞ്ഞെടുപ്പുകമ്മീഷൻ ഇവർക്ക് അനുവദിച്ചത്.
പെൺകുട്ടികളുടെ മരണവാർത്തയും ഇതിനെ സൂചിപ്പിക്കുംവിധം രണ്ടു ബെറ്റിക്കോട്ടുകൾ തൂങ്ങിയാടുന്ന ചിത്രവും മലയാളിമനഃസാക്ഷിയെ ഏറെ നൊന്പരപ്പെടുത്തിയിരുന്നു.
‘തെരഞ്ഞെടുപ്പ് ചിഹ്നമായി കുഞ്ഞുടുപ്പ് അനുവദിച്ചപ്പോള്‍ മക്കള്‍ കൂടെയുണ്ടെന്ന് നൂറു ശതമാനം തനിക്ക് ഉറപ്പായെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി ദീപികയോട് പറഞ്ഞു.
ആഗ്രഹിച്ച ചിഹ്നം അനുവദിച്ചതിനാല്‍ ഞാന്‍ ഇറങ്ങിത്തിരിച്ച കാര്യം ഒരിക്കലും വെറുതേയാകില്ലെന്ന് ഉറപ്പുണ്ട്.
എന്റെ മക്കള്‍ക്കുവേണ്ടി മാത്രമല്ല ഞാന്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇനിയൊരു കുഞ്ഞുങ്ങള്‍ക്കും ഈ ഗതിയുണ്ടാകാന് പാടില്ല- ഭാഗ്യവതി പറഞ്ഞു.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കാന്‍ നില്‍ക്കണമെന്ന് എന്നോടു ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ അന്വേഷിച്ചത് എനിക്ക് ചിഹ്നമായി ബെറ്റികോട്ട് കിട്ടുമോയെന്നായിരുന്നു. എന്നാല്‍ അങ്ങനെ കിട്ടാന്‍ സാധ്യത കുറവാണെന്ന് അവര്‍ പറഞ്ഞിരുന്നു. അന്വേഷിച്ച് നോക്കാമെന്നു പറഞ്ഞു.
നോമിനേഷന് കൊടുക്കുമ്പോള്‍ ചിഹ്നത്തിന്റെ പട്ടിക നോക്കുമ്പോള്‍ എഴുപതാമത്തെ ചിഹ്നമായി കുഞ്ഞുടുപ്പ് കണ്ടു.
അതുതന്നെ ചിഹ്നമായി അനുവദിക്കാന്‍ അപേക്ഷയും നൽകി. മക്കള്‍ കൂടെയുള്ളതിനാല്‍ അനുവദിച്ചുകിട്ടുകയും ചെയ്തു.
ഇന്നുമുതല്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. മനഃസാക്ഷിയുള്ള അച്ഛന്മാരും അമ്മമാരും തനിക്ക് വോട്ട് ചെയ്യുമെന്നും ഭാഗ്യവതി പറഞ്ഞു.
ഇന്നലെ ധര്‍മടത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്വന്ഷന് സാമൂഹ്യപ്രവര്‍ത്തക പി.ഗീത ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്യുസിഐ, വിവിധ ദളിത്, ആദിവാസി സംഘടനകള്‍ എന്നിവര്‍ വാളയാര്‍ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
ഇന്നുമുതല്‍ വോട്ടര്‍മാരെ കാണാനായി ചെറുസംഘങ്ങളായി പോകുമെന്ന് വാളയാര്‍ നീതിസമിതി രക്ഷാധികാരി സി.ആര്.നീലകണ്ഠന് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന്റെ അന്വേഷണം അട്ടിമറിച്ച പോലീസുദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാത്ത സംസ്ഥാനസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഭാഗ്യവതി തല മുണ്ഡനം ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായി വഴിയോരത്ത് സത്യഗ്രഹസമരവും നടത്തി. തുടർന്നാണ് മുഖ്യമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചത്.