കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീൽ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
വാളയാറിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി പതിമൂന്നിനാണു 12 വയസുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ താമസിച്ചിരുന്ന താത്കാലിക ഷെഡിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്കുശേഷം മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
രണ്ടു പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിൽ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി വെറുതേ വിട്ടു.
പ്രോസിക്യൂഷനു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ വെറുതെവിട്ടത്. ഒരു പ്രതി പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.
വാളയാർ വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ അമ്മയാണു ഹൈക്കോടതിയെ സമീപിച്ചത്. ഏതന്വേഷണത്തിനും സന്നദ്ധമാണെന്നു സർക്കാരും കോടതിയെ അറിയിച്ചു. ഇതേതുടർന്നാണു നിലവിലെ വിധി.