വാളയാറില്‍ സഹോദരിമാരുടെ പീഡനകേസില്‍, മൂത്ത സഹോദരി ഹൃതികയുടെ മരണവുമായി ബന്ധപ്പെട്ട് പരാതിയുയര്‍ന്ന മധുവിനെ അന്ന് രക്ഷിച്ചത് സിപിഎം നേതൃത്വമാണെന്ന് ആരോപണം. സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മധുവിനെ രക്ഷിച്ചത് രാഷ്ട്രീയ ബന്ധമാണെന്ന ആരോപണം ശക്തമായി കഴിഞ്ഞു. അതേസമയം, അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് കസബ എസ്ഐ പി.സി.ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. രണ്ടു ഡിവഐസ്പിമാര്, കസബ മുന്‍ സിഐ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ഐജി എം.ആര്. അജിത് കുമാര്‍ നിര്‍ദ്ദേശം നല്കി.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധു ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍നിന്ന് കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് അന്വേഷണം നടത്തിവരുന്നത്. ചെറിയ കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ ഇടുക്കി മൂന്നാര്‍ സ്വദേശി, കുട്ടിയുടെ അമ്മയുടെ ബന്ധുക്കളും കല്ലന്‍കാട് സ്വദേശികളുമായ രണ്ടുപേര്‍, ചേര്‍ത്തല സ്വദേശിയായ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മറ്റു ചിലര്‍ നിരീക്ഷണത്തിലുമാണ്. കസ്റ്റഡിയിലുള്ള ഒരാള്‍ എട്ടുവര്‍ഷത്തോളമായി ഈ കുടുംബത്തോടൊപ്പമാണ് താമസം. ഇവരുടെ ഒറ്റമുറി വീടിനോടുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് ഇയാള്‍ കിടക്കാറ്.
എല്ലാവരും കുട്ടികളുടെ മാതാപിതാക്കളോടൊപ്പം ജോലിക്കുപോകുന്നവരാണ്. ആദ്യത്തെ പെണ്‍കുട്ടി മരിച്ചസമയം രണ്ടുപേര്‍ മുഖം മറച്ചു ഇവിടെനിന്ന് പോയിരുന്നുവെന്ന ചെറിയ പെണ്‍കുട്ടിയുടെ മൊഴിയാണ് നിര്‍ണായകമായ വിവരം. കൂടാതെ ഇരു പെണ്‍കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെന്ന വിവരവും ചോദ്യംചെയ്യലില്‍ നിര്‍ണായകമാണ്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികളുടെ മരണം എങ്ങനെയാണെന്നതിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ജനുവരി പതിമൂന്നിന് മൂത്തകുട്ടിയുടെ മരണത്തിനുശേഷം ബന്ധുവായ ആളിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നതാണ്. എന്നാല്‍ പ്രാദേശിക സിപിഎം നേതാക്കളുടെ ഇടപെടലില്‍ വിട്ടയച്ചെന്നാണ് ആക്ഷേപം. സംഭവം തികച്ചും കുടുംബപരമാണെന്നും ഇതില്‍ രാഷ്ട്രീയമില്ലന്നും കേസില്‍ ഇടപ്പെട്ടിട്ടില്ലെന്നും സിപിഎം നേതാക്കള്‍ പറയുന്നു. എന്നാല്‍ കസ്റ്റഡിയിലുളള ഒരാള്‍ ജില്ലയിലെ ഡിവൈഎഫ് ഐ നേതാവിനൊപ്പം നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
അതേസമയം, എസ്ഐയെ മാറ്റിയതല്ലെന്നും സിഐ കേസ് ഏറ്റെടുത്തപ്പോള്‍ ഇദ്ദേഹം അന്വേഷണച്ചുമതലയില്‍ നിന്നു സ്വാഭാവികമായി മാറിയതാണെന്നുമാണ് പോലീസിന്റെ വിശദീകരണം. പോലീസിന് വീഴ്ച സംഭവിച്ചുവോയെന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില്‍ ഇടപെടുകയും ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു. മൂത്തകുട്ടിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പോലീസ് ഇക്കാര്യം അവഗണിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു.