തലശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടം നിയോജകണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ബി. ഭാഗ്യവതിക്കു നേരെ അക്രമ അക്രമ ഭീഷണിയെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഭാഗ്യവതിയെ ആക്രമിച്ച് സംസ്ഥാനതലത്തിൽ വിഷയമാക്കി മാറ്റാനാണ് ചില കേന്ദ്രങ്ങൾ ആസൂത്രിത നീക്കം നടത്തിയിട്ടുള്ളതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്.
ഇതേ തുടർന്ന് ഭാഗ്യവതിക്കും അവരുടെ പ്രചാരണ പരിപാടികൾക്കും ശക്തമായ സുരക്ഷ നൽകാൻ ആഭ്യന്തര വകുപ്പ് പോലീസിന് നിർദേശം നൽകി.
ഇവരുടെ മണ്ഡലത്തിലെ പ്രചാരണ കേന്ദ്രങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ തലശേരി എസിപിക്കും കണ്ണൂർ എസിപിക്കും പോലീസ് ആസ്ഥാനത്തു നിന്നും നിർദേശം ലഭിച്ചു.
ഇന്നലെ വൈകുന്നേരമാണ് ഇതുസംബന്ധിച്ച നിർദേശം എസിപിക്കുമാർക്കു ലഭിച്ചത്. ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് ഭാഗ്യവതിക്ക് സുരക്ഷയൊരുക്കാൻ നിർദേശവും പോയിക്കഴിഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് ഭാഗ്യവതി മുഖ്യമന്ത്രിക്കെതിരേ നാമനിർദേശ പത്രിക സമർപ്പിച്ചത്. ലോക്കൽ പോലീസിന്റെ സുരക്ഷയ്ക്കു പുറമെ മഫ്ടിയിലുള്ള പ്രത്യേക സംഘവും ഇവരുടെ പരിപാടികൾ നിരീക്ഷിക്കുന്നുണ്ട്.